ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ കിംഗ് മേക്കറാകുകയായിരുന്നു അണ്ണാഡിഎംകെയിൽ നിന്നും പുറത്ത് വന്ന് അമ്മ മക്കൾ മുന്നേറ്റ കഴകം രൂപീകരിക്കുമ്പോൾ ടിടിവി ദിനകാരന്റെ ലക്‌ഷ്യം. എന്നാൽ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെ തമിഴ്‌നാട്ടിൽ ടിടിവി ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പാര്‍ട്ടിയുടെ കിഴക്കന്‍ മേഖലയിലെ ചുമതലകൾ നോക്കിയിരുന്ന മുൻ എംഎല്‍എ ആര്‍ പി ആദിത്യന്‍ അണ്ണാഡിഎംകെയിലേക്ക് കൂടു മാറിയതോടെയാണ് പൊട്ടിത്തെറിയുടെ തുടക്കം. പനീര്‍സെല്‍വവുമായി കൂടിക്കാഴ്ച്ച നടത്തിയ ആര്‍ പി ആദിത്യന്‍ അണ്ണാഡിഎംകെയിലേക്ക് മടങ്ങിവരവ് അറിയിച്ചു
അഞ്ച് ശതമാനം വോട്ട്മാത്രമാണ് ദിനകാരന്റെ പാർട്ടി നേടിയത്. ചില മണ്ഡലങ്ങളില്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യത്തിനും നോട്ടയ്ക്കും താഴെയായി അമ്മ മക്കള്‍ മുന്നേറ്റ കഴകം. തേവര്‍ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ അണ്ണാഡിഎംകെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താനായെങ്കിലും പരമാവധി സീറ്റുകള്‍ നേടി ഭരണത്തിൽ ഇടപെടാമെന്നും അതുവഴി ഇപിഎസ് ഒപിഎസ് നേതൃത്വത്തെ താഴെ വീഴ്ത്താമെന്നുമുള്ള ലക്ഷ്യം ഫലം കണ്ടില്ല.
പാര്‍ട്ടിക്കുള്ളില്‍ പല നേതാക്കളും അസംതൃപ്തരാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്നുമാണ് വാർത്തകൾ. അഭിപ്രായ ഭിന്നതയുള്ളവരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ച ദിനകരന്‍ ശനിയാഴ്ച്ച പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്. ശശികലയെ ജയിലിലെത്തി കാണുമെന്നും സൂചനയുണ്ട്.
അണ്ണാഡിഎംകെയിലെ വിമത എംഎല്‍എമാരെ തന്റെ ഒപ്പം ചേർത്ത് സര്‍ക്കാരിനെ വീഴ്ത്താനുള്ള നീക്കത്തിനും തെരഞ്ഞെടുപ്പ് തോൽവിയോടെ തിരിച്ചടിയിലായി.
Post Your Comments