തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന ജയത്തിനു ശേഷം സംസ്ഥാന കോൺഗ്രസ്സിലെ പുന:സംഘടനാ ചർച്ചകൾക്കായി കേരളാ നേതാക്കൾ ഈയാഴ്ച ഡൽഹിയിലേക്ക് പോകും.
തെരഞ്ഞെടുപ്പില്‍ ജയിച്ച് എംപിമാരായവരിൽ നിലവിലെ വർക്കിങ് പ്രസിഡണ്ടുമാരുമുണ്ട്. ഇവരെ മാറ്റുന്ന കാര്യത്തിൽ ഹൈക്കമാൻഡ് അന്തിമതീരുമാനം എടുക്കും. യു ഡി എഫ് കൺവീനറായ ബെന്നി ബെഹനാൻ ചാലക്കുടിയിൽ നിന്നും വിജയിച്ചതിനാൽ കൺവീനർ സ്ഥാനത്തേക്കും പുതിയ ആളെ കണ്ടെത്തേണ്ടതുണ്ട്. എംഎം ഹസ്സനോ കെവി തോമസോ യുഡിഎഫ് കൺവീനറാകാൻ സാധ്യതയുണ്ട്.
പാതിവഴിയിൽ നിർത്തിയ പുന:സംഘടന പുനരാരംഭിച്ച് സംഘടനയെ ശക്തിപ്പെടുത്താൻ കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. നിർണ്ണായകമായ ആറ് സ്ഥാനങ്ങളിലേക്ക് പുതിയ ആളെ കണ്ടെത്തണം. കെ.സുധാകരനും കൊടിക്കുന്നിലും എംപിമാരായതിനാൽ ഇവരെ മാറ്റി പുതിയ വർക്കിംഗ് പ്രസിഡണ്ടുമാരെ കണ്ടെത്തേണ്ടതുണ്ട്. എംഐ ഷാനവാസിൻറെ മരണത്തെ തുടർന്ന് നിലവിൽ ഒരു വർക്കിംഗ് പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞുകിടക്കുകയുമാണ്.
ഒരാൾക്ക് ഒരു പദവി എന്നതാണ് മുല്ലപ്പള്ളി മുന്നോട്ട് വയ്ക്കുന്ന രീതി. നാളെ യുഡിഎഫ് യോഗവും മറ്റാന്നാൾ കെപിസിസി നേതൃയോഗവും രാഷ്ട്രീയകാര്യ സമിതിയും ചേരും. എന്നാൽ ഡൽഹിയിൽ ഹൈക്കമാന്റുമായി നടക്കുന്ന ചർച്ചകൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകു.
Post Your Comments