പാലക്കാട്: പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷിന്‍റെ ഞെട്ടിക്കുന്ന തോൽവിയിൽ തനിക്ക് പങ്കില്ലെന്ന് ഷൊർണൂർ എംഎൽഎ പി കെ ശശി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് ചുമതലകളൊന്നും ഉണ്ടായിരുന്നില്ലെന്നും അട്ടിമറിക്ക് കാരണം താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ണാർക്കാട്ട് നിയോജക മണ്ഡലത്തിൽ രാജേഷിന് വോട്ട് കുറഞ്ഞതെങ്ങനെയെന്ന് അറിയില്ലെന്നും ഇവിടുത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല തനിക്കായിരുന്നില്ലെന്നും പി കെ ശശി പറഞ്ഞു.
ഷൊർണ്ണൂർ എം എൽ എ ആയ താൻ അവിടെ രാജേഷിനായി പ്രവർത്തിച്ചുവെങ്കിലും പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. ശക്തമായ അടിത്തറയുള്ള പാലക്കാട്ടെ അപ്രതീക്ഷിത തോൽവിയെക്കുറിച്ച് പാർട്ടി വിശദമായ പരിശോധന നടത്തുമെന്നും പി കെ ശശി വ്യക്തമാക്കി.
പി കെ ശശിക്കെതിരെ ഉയർന്ന ലൈഗികാരോപണ പരാതിയിലടക്കം മറ്റ് പല വിഷയങ്ങളിലും ശശിക്കെതിരായിരുന്നു എം ബി രാജേഷ്. ജില്ലയിലെ രണ്ട് കരുത്തരായ നേതാക്കൾ തമ്മിലുളള അഭിപ്രായ ഭിന്നതകൾ ജില്ലാ കമ്മിറ്റിയെ പലപ്പോഴും പ്രതിസന്ധിയിലാക്കിയിരുന്നു.
എന്നാൽ പാർട്ടിയിൽ ഒരു തരത്തിലുമുള്ള വിഭാഗീയതയും നിലനിൽക്കുന്നില്ലെന്നും അത്തരം വാർത്തകളെല്ലാം അടിസ്ഥാനമില്ലാത്തവയാണെന്നും പി കെ ശശി പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ നഷ്ടമായത് തോൽവിക്ക് കാരണമായി എന്നാണ് എം ബി രാജേഷ് ആദ്യം പ്രതികരിച്ചത്. എന്നാൽ മറ്റെന്തെങ്കിലും സംഘടനാ വിഷയങ്ങൾ ഉണ്ടോയെന്ന് പാർട്ടി പരിശോധിക്കുമെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു.
Post Your Comments