കുറച്ചു വർഷങ്ങൾക്കു മുൻപ്,
“അറിഞ്ഞോ ,നമ്മുടെ അങ്ങേതിലെ മീനാക്ഷി പാസ്സായി,മാത്രമല്ല ഓൾക്ക് ഫസ്റ്റ് ക്ലാസ്സുമുണ്ടെ ”
“മിടുക്കിയാ ഓള് ”
കാലങ്ങൾ കടന്നു പോയി,
“മോളുടെ റിസൾട്ട് എന്തായി”
“ഡിസ്റ്റിംക്ഷൻ ഉണ്ട് കുട്ടിക്ക് ”
“നന്നായി പഠിക്കുമല്ലേ ആള്”
തുടരുന്നു
“വല്യപ്പച്ചാ,റിസൾട്ട് വന്നു ”
“ഉവ്വോ ”
“ആറു എ പ്ലസ്,മൂന്നു ബി ,സി,
“എബി മോനെ,
അപ്പാപ്പന് മനസിലായില്ലേടാ കൊച്ചനെ,
ഈ എ പ്ലസ്,ബി,
“ഓ അതൊന്നുമില്ല ഗ്രേഡ് ആണേ, ഇപ്പോഴുള്ള പരിപാടിയൊന്നും വല്യപ്പച്ചന് മനസിലാവില്ല.”
പറഞ്ഞു വന്നതു നമ്മുടെ കേരളത്തിലെ പത്താം തരം വിദ്യാർത്ഥികളുടെ “റിസൾട്ട്” ൻറെ വിജയഗാഥയാണ്.
ഫസ്റ്റ് ക്ലാസും ഡിസ്റ്റിംക്ഷനും കടന്നു പ്ലസ് കളിൽ എത്തി നിൽക്കുന്ന പത്താം ക്ലാസ്സെന്ന നമ്മുടെ താരം.
ആൾക്ക് വില്ലൻ പരിവേഷം ഒക്കെയായപ്പോൾ കുറച്ചു വർഷങ്ങൾക്കു മുൻപ് മാർക്ക് സിസ്റ്റം മാറ്റി ഗ്രേഡ് സിസ്റ്റം നടപ്പിൽ വരുത്തി. അതായതു അറുന്നൂറിൽ ഇത്ര മാർക്ക് എന്നതിന് പകരം എ,ബി,സി,ഡി ആയി.
കുട്ടികൾക്ക് ആവശ്യമില്ലാത്ത ടെൻഷൻ വേണ്ട എന്നതായിരുന്നു ഉദ്ദേശ്യം..
ആ നല്ല ഉദ്ദേശ്യം നടപ്പിലായോ എന്നു തോന്നുംവിധമാണ് ഇന്നത്തെ മാതാപിതാക്കളുടെ പോക്ക്,
എ പ്ലസ് കാരുടെ മാർക്‌ലിസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ഇടം നേടിയ കാഴ്ചയാണ് അടുത്തിടെ കണ്ടത്,നല്ല കാര്യം,മുഴുവൻ പ്ലസ് കളും സ്വന്തമാക്കിയ എല്ലാ കുട്ടികളും അഭിനന്ദനം അർഹിക്കുന്നു.അതോടൊപ്പം പ്ലസ് കൾ
കുറഞ്ഞതിനെ ചൊല്ലി മാതാപിതാക്കളുടെ ക്രൂര മർദ്ദനത്തിരയാക്കപ്പെട്ട കുഞ്ഞുങ്ങളും നമുക്കിടയിൽ നിശ്ശബ്ദതരായി നിൽപ്പുണ്ട്,തങ്ങളുടെ കുറ്റമെന്താന്നു അവർക്കു മനസിലാക്കി കൊടുക്കാൻ ഈ സമൂഹത്തിനു കഴിയുമോ.
അല്ലെങ്കിൽ അവരുടെ മാതാപിതാക്കളുടെ കണ്ണ് തുറപ്പിക്കാനെങ്കിലും.
അടുത്തിടെ ഒരു സുഹൃത്ത് പങ്കു വച്ച കാര്യമാണ്,
നഴ്സറി ക്ലാസ്സിലെ മകൻറെ പെർഫോമൻസ് കുറഞ്ഞു പോയെന്നും പറഞ്ഞു അവന്റെ ടീച്ചറോട് തല്ലു പിടിക്കുന്ന ഒരമ്മ,
അഞ്ചു വിഷയങ്ങളിൽ ഒന്നിനു മാത്രം കുഞ്ഞിന് ഫുൾ മാർക്ക് മേടിക്കാൻ കഴിയാത്തതിനെ ചൊല്ലിയാണ് ഈ ആക്രോശം.
ഇതു കേൾക്കുമ്പോൾ ചിരിക്കണോ കരയണോ എന്നറിയാത്ത മാനസികാവസ്ഥയായിരുന്നു എനിക്ക്,
നൂറിൽ നൂറു മാർക്കും മേടിച്ചാൽ എല്ലാമായി എന്നു കരുതുന്ന മാതാപിതാക്കളുണ്ട് നമ്മുടെ നാട്ടിൽ,24 hr ഉം പഠിക്കു പഠിക്കു,10 subject ഉണ്ടേൽ 10 നും സ്പെഷ്യൽ ടൂഷൻ,എന്നിങ്ങനെ സ്കൂൾ തലത്തിൽ കുട്ടികൾക്ക് കൊടുക്കുന്ന ടെൻഷൻ ഒത്തിരിയാണ്,
സ്വന്തം കഴിവുകളെ പോലും തിരിച്ചറിയാനാകാതെ,എല്ലാറ്റിനും
ടൂഷൻ എന്ന ലേബലിൽ ചലിക്കുന്ന സ്കൂൾ കുട്ടികൾ ഒരു ദയനീയ കാഴ്ചയാണ്.
ഇന്ന് ചില മാതാപിതാക്കൾ മക്കളുടെ വിജയത്തെ തങ്ങളുടെ ആത്മാഭിമാന പ്രശ്നമായാണ് കാണുന്നത്,ഈ പ്ലസ് കളിൽ ഒതുങ്ങി നിൽക്കുന്ന അഭിമാനം മാത്രമേ നിങ്ങൾക്കുള്ളു എന്നൊരു തോന്നൽ ഇല്ലാതില്ല.
അച്ഛനും അമ്മയ്ക്കും സന്തോഷം പകരുന്ന ഒന്ന് തന്നെയാണ് തങ്ങളുടെ കുഞ്ഞുങ്ങളുടെ വിജയമെന്നതിൽ തർക്കമില്ല.എന്നാൽ മേൽപ്പറഞ്ഞ അഭിമാനം ദുരഭിമാനം മാത്രമല്ലേ.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ ഒരു നല്ല വർത്തമാനം കേൾവിക്കാരൻ നിമിഷ നേരങ്ങൾക്കുള്ളിൽ മറന്നേക്കാം,അതുമല്ലെങ്കിൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ സൗകര്യപൂർവം മറക്കും,
ഈ ഒരു പ്രഹേളികയ്ക്കു വേണ്ടിയാണു നിങ്ങൾ കുട്ടികളെ മൃഗീയമായി തല്ലുന്നതെങ്കിൽ പുച്ഛം മാത്രം നിങ്ങളോടു,
കുഞ്ഞുങ്ങളെ ശാസിക്കാനും നേർവഴിക്കു നയിക്കാനുമൊക്കെ നിങ്ങൾക്ക് അധികാരമുണ്ട്,അനാവശ്യമായ നിങ്ങള്ടെ ദുരഭിമാനത്തിൻറെ പേരിൽ ആകരുതെന്നു മാത്രം.
എന്നാ പഠിക്കാതെ അങ്ങു വെറുതെ വിടണോ,
“വേണ്ട,നിങ്ങൾ അവരുടെ മേലുള്ള നിയന്ത്രണമൊന്നും കളയണ്ട,മറിച്ചു കുഞ്ഞുങ്ങൾ എവിടാണോ പഠിക്കാൻ ബുദ്ധിമുട്ടു നേരിടുന്നത്,അവിടെ നിങ്ങൾക്ക് ഒരു താങ്ങായി നിൽക്കാം,അത്തരം subject കളിൽ മാത്രം ഒരു expert ൻറെ സഹായം കൊടുക്കാം.
അതോടൊപ്പം മക്കളെ മറ്റുള്ള കുഞ്ഞുങ്ങളുമായി താരതമ്യപ്പെടുത്തി സംസാരിക്കുന്നതു ഒഴിവാക്കുക,കുഞ്ഞുങ്ങളുടെ മനസ്സിൽ അത്തരം വ്യർത്ഥ സംഭാഷണങ്ങൾ വരുത്തി വയ്ക്കുന്ന മുറിവുകൾ ഒരുപാടാണ്,
കണക്കിലും ഹിസ്റ്ററി പോലുള്ള വിഷങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒരു വിദ്യാർത്ഥിക്കു ഒരു പക്ഷെ ക്രാഫ്റ്റ്,ചിത്രകലാ മേഖലകളിൽ പ്രാവീണ്യമുണ്ടാകാം .
പരീക്ഷകളിൽ മുഴുവൻ മാർക്കും മേടിക്കുന്നതു മാത്രമല്ല മികവ്,ഇത്തരത്തിലുള്ള തെറ്റായ ചിന്തകൾ എടുത്തു കളയു. ഓരോ കുഞ്ഞും മികവിൽ,കഴിവുകളിൽ വ്യത്യസ്തത ഉള്ളവരാണ്,ഈ സത്യം തിരിച്ചറിയാതെ നിങ്ങൾ അവരെ ക്രൂശിക്കുമ്പോൾ എന്ത് നേട്ടമാണുണ്ടാകുക.പഠനത്തിൽ അവർക്കാവശ്യമുള്ള സപ്പോർട്ട് കൊടുക്കുക നിങ്ങളാൽ ആകുന്ന വിധം.സ്നേഹത്തോടെ കുട്ടികളുടെ മനസ്സുകളെ കൈകാര്യം ചെയ്യുക.
അതിനു കഴിഞ്ഞില്ലയെങ്കിൽ മാനസികമായി കുഞ്ഞുങ്ങൾ അകലാൻ തുടങ്ങും,വീടുകളിൽ നിന്നും അച്ഛനും അമ്മയുമെന്ന നിങ്ങളുടെ ശാസനസ്വരത്തിനും രക്ഷിക്കുവാൻ കഴിയാത്ത വിധം നാശത്തിലേക്കു നടക്കുന്ന ഒരു തലമുറയെ,
അവൻ അല്ലെങ്കിൽ അവൾ എന്താ ഇങ്ങനെ,ഞങ്ങളോട് സംസാരിക്കുന്നില്ല,പറയുന്നതൊന്നും കേൾക്കുന്നില്ല,
മുന്നോടിയായിട്ടു ചിന്തിക്കുക, നിങ്ങള്ടെ അവരോടുള്ള സമീപനം.
വാൽക്കഷ്ണം:വിതച്ചതേ കൊയ്തെടുക്കാൻ കഴിയുള്ളു,100 മേനി വിളവ് ഇല്ലേലും ആവശ്യത്തിനുള്ള നെല്ല് എങ്കിലും കിട്ടുമെന്നു സാരം.
Post Your Comments