തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ കാരണങ്ങള്‍ പഠിച്ച് തിരുത്തുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. മതേതര ജനാധിപത്യ രാഷ്ട്രത്തിനും ഭരണഘടന സ്ഥാപനങ്ങള്‍ക്കും നേരെ വലിയ വെല്ലുവിളികള്‍ ഉയരുകയാണ്. സി.പി.എമ്മിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി. ഭാവിയില്‍ വെല്ലുവിളികളെ വിവിധ ജനവിഭാഗങ്ങള്‍ ഒന്നിച്ച് നേരിടണമെന്നും സി.പി.എം പി.ബി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ബംഗാളിലും ത്രിപുരയിലും കേരളത്തിലും തോല്‍വിയുടെ കൈപ്പറിഞ്ഞിരിക്കുകയാണ് സിപിഎം. തമിഴ്‌നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ രണ്ട് സീറ്റില്‍ സിപിഐയും രണ്ട് സീറ്റില്‍ സിപിഎമ്മും ലീഡ് ചെയ്യുന്നു എന്നത് മാത്രമാണ് ആശ്വാസം. കേരളത്തില്‍ ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥി നേരിയ ലീഡില്‍ തുടരുന്നുണ്ടെങ്കിലും ജയിക്കുമെന്ന് ഉറപ്പിക്കാനായിട്ടില്ല.
2014 ല്‍ ത്രിപുരയില്‍ 64 ശതമാനം വോട്ടും രണ്ട് സീറ്റുകളും പിടിച്ച സിപിഎം ഇക്കുറി രണ്ട് സീറ്റുകളിലും ബഹുദൂരം പിറകിലാണെന്നു മാത്രമല്ല മൂന്നാം സ്ഥാനത്തുമാണ്. രണ്ട് മണ്ഡലങ്ങളിലും ബിജെപി ഒരു ലക്ഷത്തില്‍ കൂടുതല്‍ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.പശ്ചിമബംഗാളിലും സ്ഥിതി വ്യത്യസ്തമല്ല. 2014 ല്‍ പോളിറ്റ് ബ്യൂറോ മെംബര്‍ കൂടിയായ മൊഹമ്മദ് സലിം വിജയിച്ച റായ്ഗഞ്ചില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്.സിറ്റിംഗ് എം.പിയായ സലിം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടെന്ന് മാത്രമല്ല. ബിജെപിയെക്കാള്‍ ഒരു ലക്ഷത്തോളം വോട്ടിനു നിലവില്‍ പിന്നിലാണ്.
Post Your Comments