തിരുവനന്തപുരം: എല്ലായിടത്തും പരാജയപ്പെട്ടപ്പോളും ഇടത് മുന്നണിക്ക് ആശ്വാസമായത് ആലപ്പുഴയിലെ എ എം ആരിഫിന്റെ വിജയം മാത്രമാണ്. അരൂർ എം എൽ എ ആയ ആരിഫിനെ പാർട്ടി ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ തീരുമാനിച്ചത് തന്നെ വിജയം ഉറപ്പാക്കാനായിരുന്നു.
അന്ന് യു ഡി എഫ് സ്ഥാനാർത്ഥിയായി കരുത്തനായ കെ സി വേണുഗോപാൽ മത്സരിക്കുമെന്ന സൂചനയെ തുടർന്നാണ് മണ്ഡലത്തിലെ സിപിഎമ്മിന്റെ ജനകീയ മുഖം ആരിഫിനെ കളത്തിലിറക്കിയത്. എന്നാൽ ഷാനിമോൾ ഉസ്മാൻ സ്ഥാനാർത്ഥിയായി എത്തിയതോടെ അനായാസം ജയിക്കാമെന്ന പ്രതീക്ഷയായിരുന്നു എൽ ഡി എഫിന്. പ്രചാരണത്തിലടക്കം ഏറെ ദൂരം മുന്നോട്ട് പോകാനും ഇടതു പക്ഷത്തിനായി. പക്ഷെ അവസാന ഘട്ട പ്രചാരണങ്ങളിൽ ഷാനിമോൾ ഉസ്മാനും ആരിഫിന് ഒപ്പമെത്തുകയായിരുന്നു.
എളുപ്പത്തിൽ എൽ ഡി എഫിന് ജയിച്ചു വരാമെന്നു കരുതിയിരുന്ന മണ്ഡലത്തിൽ അങ്ങനെ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഷാനിമോൾ പരാജയം സമ്മതിച്ചത്. പലപ്പോഴും ലീഡ് നില മാറി മറിഞ്ഞിരുന്നു.
കേരളമാകെ ഇടതുവിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോഴും ശക്തമായി പ്രതിരോധിച്ച സിപിഎമ്മിന്‍റെ കരുത്തനായ നേതാവായി എഎം ആരിഫ് മാറി. എന്നാൽ അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയിലും കയ്യിലുള്ള മണ്ഡലം കൈവിട്ട ഷാനിമോള്‍ ഉസ്മാന് വലിയ തിരിച്ചടി തന്നെയാണ് ഈ പരാജയം.
Post Your Comments