Latest NewsArticleElection Special

ഒടുവില്‍ കേരളം പിണറായിയോട് പറഞ്ഞു, കടക്കൂ പുറത്ത് ഈ കൊടുംതോല്‍വി സിപിഎം ചോദിച്ചുവാങ്ങിയത് 

രതി നാരായണന്‍ 

സംഭവ ബഹുലമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനൊടുവില്‍ കേരളമെഴുതിയ വിധിയെഴുത്ത്  എല്‍ഡിഎഫിന് നല്‍കുന്ന നാണക്കേടും തിരിച്ചടിയും ചെറുതല്ല. കടക്കൂ പുറത്തെന്ന് മാധ്യമങ്ങളോട് ആജ്ഞാപിച്ച പിണറായി വിജയനോട്  ജനങ്ങളും പറഞ്ഞു, കടക്കൂ പുറത്തെന്ന്.

pinarayi--vijayan

എന്തൊക്കെയായിരുന്നു തെരഞ്ഞെടുപ്പ് വിധിയെഴുത്തുമായി ബന്്ധപ്പെട്ട പ്രവചനങ്ങളും വിശകലനങ്ങളും. പ്രീ പോള്‍  എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പോലും അപ്രസക്തമാക്കി എത്തിയ തെരഞ്ഞെടുപ്പ് ഫലം  യുഡിഎഫിന് നല്‍കുന്ന എത്രയോ തിളക്കമാര്‍ന്ന അഭിമാനകരമായ നേട്ടം. നവോത്ഥാനമതിലും ലിംഗസമത്വവുമൊന്നും കേരളജനതയ്ക്ക് അത്രയ്ക്കങ്ങ് ദഹിച്ചിട്ടില്ലെന്ന്  പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടത് മന്ത്രിസഭയക്ക് ഇപ്പോഴെങ്കിലും മനസിലായെന്ന് കരുതാം.

സംസ്ഥാനത്ത് ഇടതിന്റെ പ്രബലകോട്ടകളാണ് യുഡിഎഫ് തരംഗത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ തകര്‍ന്നടിഞ്ഞത്. ഉരുക്കുകോട്ടയെന്ന് വിശ്വസിച്ചിരുന്ന പാലക്കാട് പോലും പിടിച്ചുനില്‍ക്കാനാകാതെ വന്നപ്പോള്‍ അമ്പരക്കുകയാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ സിപിഎം. പാര്‍ട്ടി വോട്ടുകള്‍ തന്നെ യുഡിഎഫിന് പോയാല്‍ മാത്രമേ യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന് വിജയിക്കാനാകൂ എന്നിരിക്കെ നിലവില്‍ ഇവിടെ പാര്‍ട്ടിക്കാര്‍ തന്നെ തിരിച്ചുകൊത്തിയെന്ന് വേണം മനസിലാക്കാന്‍. പാര്‍ട്ടിയിലെ എട്ട് ശതമാനത്തോളം വോട്ട് യുഡിഎഫിന് മറിഞ്ഞിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. അതുപോലെ തന്നെ എക്‌സിറ്റ് പോള്‍ ഫലങ്ങളും രാഷ്ട്രീയ നിരീക്ഷകരും ആലത്തൂരില്‍ പികെ ബിജുവിന്റെ വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ അതിശയിപ്പിക്കുന്ന ഭൂരിപക്ഷവുമായി രമ്യ ഹരിദാസ് ആലത്തൂരില്‍ പികെ ബിജുവിനെ നിഷ്പ്രഭനാക്കുന്നതാണ് കേരളം കണ്ടത്.

remya

വടകര ലോക്‌സഭ മണ്ഡലമായിരുന്നു മറ്റൊരു പ്രതീക്ഷ. പക്ഷേ പി ജയരാജന്‍ സഖാവിനൊപ്പമായിരുന്നില്ല ജനവിധി തേടിയെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി   കെ മുരളീധരനൊപ്പം നില്‍ക്കാന്‍ മണ്ഡലം തീരുമാനിച്ചതും ആഘാതമാകുകയാണ് സിപിഎം നേതൃത്വത്തിന്.  പി ജയരാജന് വന്‍ലീഡ് പ്രതീക്ഷിച്ചിരുന്ന സിപിഎം കോട്ടയായ കൂത്തുപറമ്പില്‍പോലും  മുരളീധരന്‍ തന്നെയായിരുന്നു മുന്നില്‍. പരമ്പരാഗത മണ്ഡലങ്ങള്‍ കൈവിട്ടുപോകുകയും പലതിലും ലീഡ് കുത്തനെ താഴുകയും ചെയ്യുന്ന കാഴ്ച്ചയുടെ അന്ധാളിപ്പിലാണ് എകെജി സെന്റര്‍.  മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ എല്‍ഡിഎഫിന് ലഭിക്കുമെന്ന  എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന ഇടതിന് ഇതില്‍പ്പരം അപമാനമുണ്ടാകാനില്ല. ഇതിനൊക്കെ അപ്പുറം രാജ്യത്ത് ഏറ്റവുമധികം മോദി വിമര്‍ശകരുള്ള കേരളത്തിന് മോദി നല്‍കിയ മറുപടി പ്രത്യക്ഷത്തില്‍ ബാധിക്കുന്നതും ഇടതിനെതന്നെ. ഇടത് സഹയാത്രികരും പുരോഗമനവാദികളും അപമാനിച്ചും വിമര്‍ശിച്ചും ഇല്ലാതാക്കാന്‍ ശ്രമിച്ച നരേന്ദ്രമോദിയാണ് ഇരട്ടിശക്തിയോടെ വീണ്ടും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്നത്.

narendra modi
.
പ്രവചനാതീതമായിരുന്നു ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക അവസ്ഥയില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുണ്ടായ മാറ്റങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി ബാധിക്കുമെന്നുറപ്പായിരുന്നു. എന്നാല്‍ അത് സിപിഎമ്മിന് നല്‍കുന്ന തിരിച്ചടി ഇത്രമാത്രം കനത്തതാകുമെന്ന് എതിര്‍പാര്‍ട്ടികള്‍ പോലും കരുതിയിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ സ്വീകരിച്ച നിലപാടുകളും അദ്ദേഹത്തിന്റെ പല പരാമര്‍ശങ്ങളുമാണ് ഇടതുമുന്നണിക്ക് ഇത്രമാത്രം അപമാനമുണ്ടാക്കുന്ന പരാജയത്തിന് മൂലകാരണമായത്. ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ കാണിച്ച പ്രത്യേക താത്പര്യവും അനാവശ്യ തിടുക്കവും കേരളത്തിലെ വിശ്വാസി സമൂഹത്തില്‍ സൃഷ്ടിച്ച അലയൊലികളാണ് എല്‍ഡിഎഫിനെ വേരോട് പിഴുതെറിയുന്ന തരത്തിലുള്ള പ്രതിഷേധമായി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. നവോത്ഥാനമതിലില്‍ അണിനിരന്നവരുടെ വോട്ടെങ്കിലും കിട്ടിയിരുന്നെങ്കില്‍ ഇടതിന് ഈ വന്‍പരാജയം ഏറ്റുവാങ്ങേണ്ടി വരുമായിരുന്നില്ല.

LDF
LDF

അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന മഹാപ്രളയം  മനുഷ്യനിര്‍മ്മിതമാണെന്ന റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞത്  ഇടത് പാര്‍ട്ടികള്‍ മാത്രമായിരിക്കും. പ്രളയകാലത്ത് സ്വീകരിച്ച നടപടികളുടെ പേരില്‍ പിണറായി പ്രശംസിക്കപ്പെടുമ്പോഴും അത്  ഒഴിവാക്കാന്‍ കാണിക്കാതെപോയ ഉത്തരവാദിത്തവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ലെന്ന ആരോപണം പ്രതിപക്ഷപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യാപകമമായി ഉന്നയിച്ചു.  പ്രളയത്തിന് പിന്നാലെ പിണറായി കൊണ്ടുവന്ന സാലറി ചലഞ്ചായിരുന്നു മറ്റൊരു വിവാദം. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസഫണ്ടിലേക്ക് പിടിച്ചുവാങ്ങുന്ന നടപടിയായിരുന്നു പിണറായി സര്‍ക്കാരിന്റേത്. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും വിസമ്മതപത്രം നല്‍കണമെന്ന  വ്യവസ്ഥ ശരിയല്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കുകയുമായിരുന്നു. എന്തായാലും എല്‍ഡിഎഫിന്റെ  പരാജയത്തെക്കുറിച്ചും യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തെക്കുറിച്ചും ചര്‍ച്ചകള്‍ തുടങ്ങുന്നതേയുള്ളു. കാരണങ്ങളും വ്യാഖ്യാനങ്ങളും ഇനി ഒരുപാടുണ്ടാകും. അവിടെയെല്ലാം പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ നിലപാടുകളും പ്രസ്താവനകളും പൊതുജനങ്ങളില്‍ സൃഷ്ടിച്ച അവമതിപ്പ് കൂടി ചര്‍ച്ച ചെയ്യപ്പെടട്ടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button