മണിമല ; വാർധക്യകാല പെൻഷൻ തുകയായ 2000 രൂപക്കായി വൃദ്ധനെ കൊലപ്പെടുത്തി, 2000 രൂപയ്ക്കു വേണ്ടി 88 വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മണിമല പുളിക്കൽ പീടികയിൽ ഏലിയാസ് ബേബി (തോമസ്–88) ആണു കൊല്ലപ്പെട്ടത്. മണിമലയിൽ താമസിക്കുന്ന കട്ടപ്പന വള്ളക്കടവ് കരിവണ്ണൂർ കോളനി കാരക്കുന്നേൽ വിൽസനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. ഏലിയാസിന്റെ പക്കലുള്ള 2000 രൂപ തട്ടിയെടുക്കുന്നതിനാണു കൊല ചെയ്തതെന്നു വിൽസൺ പൊലീസിനോടു സമ്മതിച്ചു.
മണിമല കറിക്കാട്ടൂർ പൂവത്താനിമലയിലെ ആളൊഴിഞ്ഞ റബർത്തോട്ടത്തിലാണ് ഏലിയാസിന്റെ മൃതദേഹം കണ്ടെത്തിയത്. തോർത്തുമുണ്ടു കൊണ്ടു വായ് മൂടിക്കെട്ടിയ നിലയിലായിരുന്നു. ചൊവ്വാഴ്ചയാണു മരിച്ചതെന്നു പൊലീസ് പറയുന്നു. പഴയിടം മേഖലയിൽ ജോലിക്ക് എത്തിയതാണു പ്രതി വിൽസൺ. ഏലിയാസിനെ പരിചയമുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ ഏലിയാസും വിൽസനും ഓട്ടോറിക്ഷയിൽ ഏലിയാസിന്റെ വീട്ടിൽ ചെന്നു ബാങ്കിന്റെ പാസ് ബുക്കുമായി ബാങ്കിലെത്തി പെൻഷൻ തുക പിൻവലിച്ചു.
കൂടാതെ അന്നു രാത്രി വൈകിയിട്ടും ഏലിയാസിനെ കാണാതെ വന്നതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് ആദ്യം ഓട്ടോ ഡ്രൈവറെയും പിന്നീട് വിൽസനെയും ചോദ്യം ചെയ്തു. തുടർന്നായിരുന്നു അറസ്റ്റ്. ഏലിയാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബേബി, ബോബി, ടെസി, റാണി, സാബു, മിനിമോൾ, ജോർജുകുട്ടി.
Post Your Comments