കൊച്ചി : ഐഎസ് ഭീകരാക്രമണമുന്നറിയിപ്പിനെ തുടര്‍ന്ന് ചേരമാന്‍ ജുമാ മസ്ജിദിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. മസ്ജിദിന്റ സുരക്ഷ കര്‍ശ്ശനമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ മഹല്ല് കമ്മിറ്റിക്ക് പോലീസ് കത്ത് നല്‍കി. ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ എസ്‌ഐയാണ് പത്ത് നിര്‍ദ്ദേശങ്ങളടങ്ങിയ കത്ത് നല്‍കിയത്.
പള്ളിയിലെ ഗേറ്റുകളുടെ എണ്ണം രണ്ടായി കുറച്ച് മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിക്കുക, സന്ദര്‍ശകരുടെ ബാഗുകളും മറ്റും സൂക്ഷിക്കാന്‍ ക്ലോക്ക് റൂം പണിയുക, പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, സന്ദര്‍ശകരായ സ്ത്രീകളെ പരിശോധിക്കാന്‍ വനിതാ ജീവനക്കാരെ നിയോഗിക്കുക, പാര്‍ക്കിങ് മൈതാനത്ത് വന്നുപോകുന്ന വാഹനങ്ങളുടെ നമ്പറും ഡ്രൈവറുടെ വിവരങ്ങളും കൃത്യമായി സൂക്ഷിക്കുക, മിറര്‍ ചെക്കിങ് സംവിധാനം ഏര്‍പ്പെടുത്തുക, കാവല്‍ക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പോലീസ് നല്‍കിയിട്ടുള്ളത്.
നിര്‍ദേശങ്ങളിന്മേല്‍ ചര്‍ച്ച നടത്താൻ മഹല്ല് കമ്മിറ്റി അടിയന്തര യോഗം ചേരും. ശ്രീലങ്കയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് പാലക്കാട്ടുനിന്ന് അറസ്റ്റിലായ റിയാസ് അബൂബക്കര്‍ നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ചേരമാന്‍ പള്ളിക്ക് സുരക്ഷ ശക്തമാക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയത്. റിയാസ് ഏതാനും നാളുകള്‍ കൊടുങ്ങല്ലൂരില്‍ തങ്ങിയതായുള്ള വെളിപ്പെടുത്തലുകള്‍ സ്ഥിരീകരിച്ചതോടെ രഹസ്യാന്വേഷണ വിഭാഗം നഗരത്തിലും പരിസരങ്ങളിലും വ്യാപകമായ അന്വേഷണം നടത്തിയിരുന്നു. കൊടുങ്ങല്ലൂരിലെ ചിലര്‍ ഇപ്പോഴും നിരീക്ഷണത്തിലാണെന്നറിയുന്നു.
Post Your Comments