തിരുവനന്തപുരം : തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. കിളിമാനൂര്‍ പഞ്ചായത്ത് കുളത്തില്‍ നീന്തല്‍ പരിശീലനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നയാള്‍ക്കുമാണ് എലിപ്പനി സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അവധിക്കാല നീന്തല്‍ പരിശീലനത്തിനായി കിളിമാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വെന്നിച്ചിറ കുളത്തില്‍ നീന്തല്‍ പരിശീലിച്ച രണ്ട് കുട്ടികള്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.
ഇരുവരും കിളിമാനൂര്‍ സ്വദേശികളാണ്. ഇവര്‍ക്ക് പുറമെ ഒരു മുതിര്‍ന്നയാള്‍ക്കും എലിപ്പനി സ്ഥിരീകിരച്ചിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ ഈ കുളത്തില്‍ പരിശീലിക്കാനെത്തിയ പത്തോളം കുട്ടികള്‍ പനിക്ക് ചികിത്സ തേടിയിരുന്നു. ഇവര്‍ക്ക് എലിപ്പനിക്കെതിരെയുള്ള പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ഗുളിക നല്‍കിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.പി പ്രീത അറിയിച്ചു. ഈ കുളത്തിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇത്തരത്തില്‍ നീന്തല്‍ പരിശീലനം നല്‍കുന്ന എട്ടോളം കുളങ്ങളില്‍ വരും ദിവസങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും. നീന്തല്‍ പരിശീലനത്തില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷിത സാഹചര്യത്തിലുള്ള വൃത്തിയുള്ള വെള്ളമാണെന്ന് ഉറപ്പുവരുത്തണം . കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി വയലില്‍ പണിയെടുക്കുന്നവരും ഓട, തോട് കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവരും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കള്‍ ഓഫീസര്‍ അറിയിച്ചു. ക്ഷീണം, പനി, തലവേദന, പേശിവേദന എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍.
Post Your Comments