കണ്ണൂർ∙ വടകരയിൽ പാർട്ടി മുൻ ജില്ലാ സെക്രട്ടറിക്കെതിരെ മൽസരിച്ച വിമത സിപിഎം നേതാവിനു നേരെ തലശ്ശേരിയിലുണ്ടായതു പെരിയ മോഡൽ ആക്രമണം. പാർട്ടി വിമതനായിരുന്ന ടി.പി.ചന്ദ്രശേഖരനെ അപായപ്പെടുത്തിയ രീതിയോടും സമാനതകളേറെ. തലശ്ശേരി മുൻ നഗരസഭാംഗവും സിപിഎം തലശ്ശേരി ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ സി.ഒ.ടി.നസീറിനെ കൊലപ്പെടുത്താൻ തന്നെയായിരുന്നു ആക്രമണമെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
സുഹൃത്തും മുൻ എസ്എഫ്ഐ നേതാവുമായ സി.എച്ച്. നൗറിഫിനൊപ്പം സ്വന്തം വീട്ടിലേക്കു മടങ്ങുമ്പോഴാണു നസീർ ആക്രമിക്കപ്പെട്ടത്. സ്റ്റേഡിയം പള്ളിക്കു പിന്നിൽ ദിവസവും വൈകിട്ട് സുഹൃത്തുക്കളുമായി ഒത്തുചേരുകയും മീൻപിടിക്കുകയും ചെയ്യുന്നതു നസീറിന്റെ വിനോദമായിരുന്നു. അവിടെനിന്നു വീട്ടിലേക്കുള്ള റോഡിൽ നസീർ ഒറ്റയ്ക്കാകും യാത്ര. അല്ലെങ്കിൽ സുഹൃത്തുക്കളിൽ ആരെങ്കിലും ഒരാൾ മാത്രം ഒപ്പമുണ്ടാകും. അതു കൃത്യമായി മനസ്സിലാക്കിയ അക്രമി സംഘം സ്റ്റേഡിയം പള്ളി മുതൽ നസീറിനെ പിന്തുടർന്നിരുന്നുവെന്നാണു പൊലീസ് കരുതുന്നത്.
ന്യൂനപക്ഷ സമുദായം കൂടുതലുള്ള പ്രദേശത്തുവച്ചാണു വധിക്കാൻ ശ്രമം നടന്നത്.നോമ്പുതുറയുടെ സമയത്ത് എല്ലാവരും വീടുകളിലോ പള്ളികളിലോ ആയിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ആക്രമിക്കാൻ ആസമയം തിരഞ്ഞെടുത്തതെന്നാണു നിഗമനം.സിപിഎം വിമതനായ ടി.പി. ചന്ദ്രശേഖരനെതിരെ ഒഞ്ചിയത്തുണ്ടായിരുന്നതിനു സമാനമായ കൊലവിളിയും ഭീഷണിയും നസീറിനു നേർക്കുമുണ്ടായിരുന്നു. കൃത്യം നടത്തിയ രീതിയിലാണു പെരിയ ഇരട്ടക്കൊലപാതകവുമായുള്ള സമാനത.
വൈകുന്നേരത്തെ യാത്ര നിരീക്ഷിക്കുക, തക്കം നോക്കി പിന്തുടരുക, വീട്ടിലേക്കുള്ള മടക്കയാത്രയിൽ ഒപ്പം അധികം ആളുണ്ടാകില്ലെന്നു കണക്കുകൂട്ടുക, ക്ക് ഇടിച്ചു വീഴ്ത്തുക, ഒപ്പമുള്ളയാളെയും ആക്രമിക്കുക എന്നിവയിലെല്ലാം പെരിയ മോഡലാണു പിന്തുടർന്നതെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments