അമേരിക്കന്‍ ടെന്നിസ് താരം നിക്കോള്‍ ഗിബ്‌സിന്റെ വായിലെ കാന്‍സര്‍ കണ്ടെത്താന്‍ സഹായിച്ചത് ദന്തരോഗ വിദഗ്ധന്‍. ഒരു പതിവു പരിശോധനയ്ക്കിടെ നിക്കോളിന്റെ വായുടെ മുകള്‍ ഭാഗത്തായി ഒരു അസ്വാഭാവിക വളര്‍ച്ച ശ്രദ്ധയില്‍പ്പെട്ട ഡെന്റിസ്റ്റ് കെവിന്‍ ലീ തുടര്‍പരിശോധനയ്ക്കു നിര്‍ദേശിച്ചു. തുടര്‍ന്നു നടത്തിയ ബയോപ്‌സിയില്‍ രോഗം സ്ഥിരീകരിച്ചു.
ഒരുശതമാനം ആളുകളെ മാത്രം ബാധിക്കുന്ന അപൂര്‍വകാന്‍സറാണ് നിക്കോളിന്. രോഗം സ്ഥിരീകരിച്ച ശേഷം കുറച്ചു ദിവസങ്ങള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് നിക്കോള്‍ പറയുന്നു. എന്നാല്‍ കളിക്കളത്തിലെ വീറും വാശിയും താന്‍ ഇവിടെയും കാണിക്കുമെന്നു നിക്കോള്‍ പിന്നീട് തീരുമാനിച്ചു.
26 കാരിയായ നിക്കോള്‍ ഗിബ്‌സ് കഴിഞ്ഞ ആഴ്ചയാണ് തനിക്കു കാന്‍സറുണ്ടെന്നു വെളിപ്പെടുത്തിയത്. തുപ്പല്‍ഗ്രന്ഥിയെ ബാധിക്കുന്ന സലൈവ ഗ്ലാന്‍ഡ് കാന്‍സര്‍ ആണ് നിക്കോളിന്. ചികിത്സയ്ക്കായി ഫ്രഞ്ച് ഓപ്പണില്‍ നിന്നു താരം ഇതിനോടകം പിന്മാറിക്കഴിഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആദ്യ ശസ്ത്രക്രിയ. ഈ അവസ്ഥയില്‍ താങ്ങായത് കൂട്ടുകാരന്‍ ജാക്ക് ബ്രോഡി ആണെന്നും നിക്കോള്‍ പറയുന്നു. രോഗം പെട്ടെന്നു ചികിത്സിച്ചു മാറ്റാമെന്ന് ഡോക്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ശസ്ത്രക്രിയ കൊണ്ട് രോഗത്തെ ചെറുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ജൂലൈയില്‍ വിംബിള്‍ഡണില്‍ കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും താരം പങ്കുവയ്ക്കുന്നു.
Post Your Comments