അഴിമതി ആരോപണത്തെ തുടര്‍ന്ന് ആസ്ട്രിയ മന്ത്രിസഭയില്‍ നിന്ന് കൂട്ടരാജി. തീവ്രവലതുപക്ഷ കക്ഷിയായ ഫ്രീഡം പാര്‍ട്ടിയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെതിരെ അഴിമതി ആരോപണം തെളിയിക്കുന്ന വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്നാണ് രാജി.
ഫ്രീഡം പാര്‍ട്ടി നേതാവായ വൈസ്ചാന്‍സലര്‍ ഹെനിസ് ക്രിസ്റ്റ്യന്‍ സ്റ്റാര്‍ച്ചെ രാജിവെച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ മന്ത്രിമാരുടെ കൂട്ടരാജി. വിദേശ പ്രതിരോധ, ഗതാഗത മന്ത്രിമാരാണ് രാജി വെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്തുണ തേടി റഷ്യക്കാരിയായ വ്യവസായ സംരംഭകയോട് സ്റ്റാര്‍ച്ചെ ഇടപെടുന്ന വീഡിയോ ആണ് പുറത്തു വന്നത്.
ഓസ്ട്രിയന്‍ പീപ്പിള്‍സ് പാര്‍ട്ടിയും തീവ്രവലതുപക്ഷ കക്ഷിയായ ഫ്രീഡം പാര്‍ട്ടിയും സഖ്യത്തിലുള്ള സര്‍ക്കാരാണ് ഓസ്ട്രിയ ഭരിക്കുന്നത്. ഫ്രീഡം പാര്‍ട്ടി നേതാക്കളുടെ ഇടപെടലുകള്‍ തന്നെ ഞെട്ടിച്ചെന്നും രാഷ്ട്രീയത്തിലെ മോശം പ്രവണതയാണെന്നുമായിരുന്നു പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കെര്‍സിന്റെ പ്രതികരണം. സര്‍ക്കാര്‍ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പിനെ നേരിടണം എന്ന നിലപാടിലാണ് പ്രധാന ഭരണകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി.
സര്‍ക്കാര്‍ വക കരാറുകള്‍ സംഘടിപ്പിച്ചു നല്‍കാമെന്നും സ്റ്റാര്‍ച്ചെ സമ്മതിക്കുന്നുണ്ട്. സ്റ്റാര്‍ച്ചെ സര്‍ക്കാര്‍ രേഖകള്‍ ചോര്‍ത്തി നല്‍കുന്ന വീഡിയോ രണ്ട് ജര്‍മന്‍ പത്രങ്ങളാണ് പുറത്തുവിട്ടത്. 2017ല്‍ റഷ്യന്‍ നിക്ഷേപകന്റെ ബന്ധുവിനോട് തെരഞ്ഞെടുപ്പിനായി സാമ്പത്തികവും രാഷ്ട്രീയവുമായ സഹായം ആവശ്യപ്പെടുന്നുമുണ്ട്. സര്‍ക്കാര്‍ തകരാതിരിക്കാനാണ് രാജിയെന്നും, ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു രാജിവെച്ച ശേഷം സ്റ്റാര്‍ച്ചിന്റെ പ്രതികരണം.
Post Your Comments