യമുനാ നദിയിലേക്ക് മലിനജലം തള്ളുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ നിർദേശം. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) ആണ് ഇക്കാര്യം നിർദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ സംബന്ധിച്ചുള്ള ആക്ഷൻ പ്ലാൻ 20 നുള്ളിൽ സമർപ്പിക്കണമെന്നും നിർദേശമുണ്ട്. സിപിസിബി ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയിൽ ജനവാസ കേന്ദ്രങ്ങളിൽ നിന്നുള്ള മലിനജലം യമുനയിലേക്കാണ് ഒഴുകിയെത്തുന്നതെന്ന് കണ്ടെത്തിയിരുന്നു.
ജനവാസ കോളനികളിൽ നിന്ന് അഴുക്കുചാലുകൾ വഴിയാണ് പ്രധാനമായും മലിനജലം യമുനയിലേക്ക് എത്തുന്നത്. മലിനജല സംസ്കരണ പ്ലാന്റുകളിൽ ശുദ്ധീകരിക്കാതെ ഇത്തരം മലിന ജലം യമുനയിലേക്ക് ഒഴുക്കിവിടുന്നതു ഗുരുതരമായ ജല മലിനീകരണത്തിനു കാരണമാകും. ഇതുകൂടാതെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മാലിന്യം ലോറികളിൽ കൊണ്ടുവന്നു നേരിട്ട് യമുനയിൽ തള്ളുന്നതായും സിപിസിബി കത്തിൽ ചൂണ്ടിക്കാട്ടി.സെപ്റ്റിക് ടാങ്ക് മാലിന്യം നദിയിൽ തള്ളുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും സിപിസിബി ആവശ്യപ്പെട്ടു.
Post Your Comments