KeralaLatest News

ബി.എസ്.എന്‍.എല്‍ ടവര്‍ പോലും പ്രാപ്തമല്ല ; അടിയന്തിര വിവരങ്ങള്‍ കൈമാറാനാകാതെ ആദിവാസി മേഖലകള്‍

ഇടുക്കി : ഇടുക്കി ജില്ലിയിലെ പല ആദിവാസി മേഖലകളിലും മൊബൈല്‍ നെറ്റ് വര്‍ക്കില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതി. അടിമാലി, നേര്യമംഗലം എന്നിവിടങ്ങളിലെ ആദിവാസി മേഖലകളില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് ഇല്ലാത്തതിനാല്‍ അപകടങ്ങളും വന്യമൃഗങ്ങളുടെ ആക്രമണവുമൊക്കെ മണിക്കൂറുകള്‍ക്ക് ശേഷമാണ് പുറം ലോകം അറിയുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.

ജീവന്‍ പോലും നഷ്ടമാകാന്‍ ഈ സാഹചര്യം കാരണമാകുന്നു എന്നും പരാതി ഉയരുന്നുണ്ട്.
ആദിവാസി കുടികളിലെ മിക്കവാറും കുടുംബങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ ഉണ്ടെങ്കിലും അവ പ്രവര്‍ത്തിക്കാനുള്ള നെറ്റ് വര്‍ക്ക് സംവിധാനമില്ലെന്നാണ് പരാതി. പ്രളയകാലത്തും ആദിവാസികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാകാതെ കുടുങ്ങി. ഇലക്ഷന്‍ പോളിംഗ് ദിനത്തില്‍ കുറത്തിക്കുടിയില്‍നിന്ന് മടങ്ങിയ ഉദ്യോഗസ്ഥരെ കാട്ടാന ആക്രമിച്ചത് പോലും പുറം ലോകം അറിയുന്നത് ഏറെ വൈകിയാണ്.

ബി.എസ്.എന്‍.എല്‍ ടവറുകള്‍ പോലും ഈ മേഖലകളില്‍ പ്രാപ്തമല്ലെന്നും പരാതിപ്പെടുന്നു. ഇന്റര്‍നെറ്റും സ്മാര്‍ട് ഫോണുകളും ഉപയോഗിച്ചില്ലെങ്കിലും അടിയന്തര വിവരങ്ങള്‍ കൈമാറാനുള്ള അവസരമെങ്കിലും ഒരുക്കണമെന്നാണ് ആവശ്യം. ദിനപത്രങ്ങളോ വാര്‍ത്താവിനിമയ സംവിധാനങ്ങളോ ഇല്ലാത്ത ആദിവാസികുടികളിലെ യുവാക്കളില്‍ പലര്‍ക്കും പി.എസ്.സി അടക്കമുള്ള പരീക്ഷകളുടെ തീയതി പോലും കൃത്യമായി അറിയാന്‍ കഴിയുന്നില്ലെന്നാണ് പറയുന്നത്.

ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്ക് സംവിധാനം എങ്കിലും ആദിവാസിക്കുടികള്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളില്‍ ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വേണ്ട നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇവിടെയുള്ള ജനത ഇപ്പോഴും ജീവിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button