ലക്‌നൗ : വോട്ട് രേഖപ്പെടുത്താതിരിക്കാന്‍ ഭീഷണിപ്പെടുത്തി വിരലുകളില്‍ മഷി പുരട്ടിയതായി ആരോപണം. വോട്ടു ചെയ്യാന്‍ പോകുന്നതിനു മുമ്പ് ഒരു സംഘം രാഷ്ട്രീയ പ്രവര്‍ത്തകര്‍ തങ്ങളുടെ കൈകളില്‍ ബലം പ്രയോഗിച്ച് മഷി പുരട്ടിയെന്നാണ് യു.പിയിലെ ഒരു കൂട്ടം ഗ്രാമവാസികള്‍ ഗുരുതര ആരോപണമുന്നയിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ താര ജാവന്‍പൂര്‍ ഗ്രാമവാസികളാണ് പരാതിയുമായി രംഗത്തെത്തിയത്.
ശനിയാഴ്ച മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി 500 രൂപ തങ്ങളെ ഏല്‍പ്പിച്ചതിന് ശേഷം വിരലില്‍ മഷിപുരട്ടിയെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ‘ഏതു പാര്‍ട്ടിക്കാണ് വോട്ടു ചെയ്യുകയെന്ന് ചോദിച്ചു. നിങ്ങള്‍ക്ക് ഇനി വോട്ടു ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യം ആരോടും പറയരുതെന്നും പറഞ്ഞു’ ഗ്രാമവാസികള്‍ പറഞ്ഞു.
അതെ സമയം ഗ്രാമീണര്‍ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്ന് എസ്.ഡി.എം കെ.ആര്‍ ഹാര്‍ഷ് അറിയിച്ചു. തെരഞ്ഞെടുപ്പ് ആ സമയത്ത് തുടങ്ങിയിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് ഇനിയും വോട്ടു ചെയ്യാം. ബലം പ്രയോഗിച്ചാണ് അവരുടെ കയ്യില്‍ മഷി പുരട്ടിയതെന്ന് അവര്‍ എഫ്.ഐ.ആറില്‍ പരാമര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്ന് എസ്.ഡി.എം പറഞ്ഞു. പരാതി പ്രകാരം അന്വേഷണം നടത്തിയ ശേഷം നടപടിയെടുക്കും.
Post Your Comments