Latest NewsKeralaIndiaNewsNews StoryReader's Corner

പശു രക്ഷയ്ക്കും പ്രണയം പൊളിക്കാനും നല്‍കുന്ന ശുഷ്‌കാന്തിയെങ്കിലും ജീവന്‍ ഉറപ്പാക്കാന്‍ നല്‍കണമായിരുന്നു; എം.ബി രാജേഷ്

ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എംബി രാജേഷ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അടിയന്തിരാവശ്യമായ ഓക്‌സിജന്‍ ആശുപത്രിയില്‍ ലഭ്യമാക്കാന്‍ സാധിക്കാതിരുന്നത് മാപ്പില്ലാത്ത കൃത്യവിലോപമാണെന്ന് എംബി രാജേഷ് ആരോപിക്കുന്നു. പശു രക്ഷയ്ക്കും പ്രണയം പൊളിക്കാനും ഉള്ള ശുഷ്‌കാന്തിയെങ്കിലും ജീവന്‍ ഉറപ്പാക്കാന്‍ നല്‍കിയിരുന്നെങ്കില്‍ എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇതാണ് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രാണവായു കിട്ടാതെ പിടഞ്ഞുമരിക്കുന്നത് ഒന്നോര്‍ത്തു നോക്കൂ.അതും കുരുന്നുകളാണെങ്കില്‍. അതിനേക്കാള്‍ ഹൃദയഭേദകമായിട്ടെന്താണുള്ളത്? യു.പി.ആശുപത്രിയിലെ കൂട്ട ശിശുഹത്യ മന:സാക്ഷിയുള്ള എല്ലാവര്‍ക്കും നടുക്കം മാത്രമല്ല രോഷവുമുണ്ടാക്കുന്നു. ഈ ദുരന്തത്തിന്റെ രാഷ്ട്രീയം ഇപ്പോള്‍ പറയുന്നത് മുതലെടുപ്പിനല്ല. ഇപ്പോഴാണത് പറയേണ്ടത് എന്നതുകൊണ്ടാണ്. യുക്തിവിചാരവും സെന്‍സിറ്റിവിറ്റിയും തീര്‍ത്തും നഷ്ടമായിട്ടില്ലാത്തവരുടെ പരിഗണനക്കുവേണ്ടിയാണ്.
അട്ടപ്പാടിയെക്കുറിച്ച് മാത്രം കള്ളക്കണ്ണീരൊഴുക്കിയവര്‍ക്ക് കണ്ണുവേണം കണ്ണില്ലാത്ത സര്‍ക്കാരിന്റെ നിസ്സംഗത കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിക്ക് കാരണമാക്കിയത് കാണാന്‍. അതും മുഖ്യന്റെ മണ്ഡലത്തില്‍. അട്ടപ്പാടിയില്‍ ഏതാനും വര്‍ഷത്തിനിടയില്‍ മരിച്ചത്രയും കുട്ടികളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചത്. കള്ളക്കണ്ണീരുമുഴുവന്‍ അട്ടപ്പാടിയിലൊഴുക്കിയവര്‍ക്ക് ഒരു തുള്ളി ബാക്കിയുണ്ടാവുമോ ഗോരഖ്പൂരിലെ നിഷ്‌ക്കളങ്കരായ കുട്ടികള്‍ക്ക് വേണ്ടി പൊഴിക്കാന്‍? അതോ മഹാനായ യോഗി ആ കുഞ്ഞുങ്ങളെ സ്വര്‍ഗ്ഗം പൂകാന്‍ സഹായിക്കുകയല്ലേ ചെയ്തത് എന്ന മട്ടിലുള്ള പതിവ് കുയുക്തികളും തെറിന്യായങ്ങളുമായി വിമര്‍ശിക്കുന്നവരെ പോര്‍വിളിക്കാനാണോ ഭാവം?
ആശുപത്രിയില്‍ അടിയന്തിരാവശ്യമായ ഓക്‌സിജന്‍ പോലും ലഭ്യമാക്കാന്‍ കഴിയാത്തത് മാപ്പില്ലാത്ത കൃത്യവിലോപമാണ്. ആദ്യം 23 കുട്ടികള്‍ മരിച്ച ശേഷമെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്നിരുന്നെങ്കില്‍ പിന്നീട് 7 പേരുടെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നു. അതിന് മനുഷ്യജിവനെ വിലകല്‍പ്പിക്കുന്ന ഭരണമാവണം.പശുവിന് ആംബുലന്‍സ് ഏര്‍പ്പെടുത്തുകയും ദരിദ്രര്‍ ഉറ്റവരുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞു തലയില്‍ ചുമന്ന് കിലോമീറ്ററുകള്‍ താണ്ടുകയും ചെയ്യുന്നത് നാട്ടുനടപ്പായ നാട്ടില്‍ മറ്റെന്താണ് സംഭവിക്കുക? പശു ഓക്‌സിജന്‍ തരും എന്ന് വിശ്വസിക്കുന്നവര്‍ ഭരിക്കുമ്പോള്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ഇല്ല എന്നു പറഞ്ഞാല്‍ ഭരണാധികാരികള്‍ക്ക് എങ്ങിനെ മനസ്സിലാവും? പശുരക്ഷക്കും പ്രണയം പൊളിക്കാനും (ആന്റി റോമിയേ സ്‌ക്വാഡ്) ഉള്ള ശുഷ്‌കാന്തിയെങ്കിലും പ്രാണവായു ഉറപ്പാക്കാന്‍ നല്‍കിയിരുന്നെങ്കില്‍….
വാല്‍ക്കഷണം: തിരുവനന്തപുരത്ത് പാഞ്ഞെത്തിയ കേന്ദ്രമന്ത്രി ഇപ്പോള്‍ ലഖ്‌നൗവിലെത്തിയോ?ഡല്‍ഹിയില്‍ നിന്ന് അരമണിക്കൂറില്‍ പറന്നെത്താവുന്നതല്ലേയുള്ളൂ. മലയാളികളെ പാഠം പഠിപ്പിക്കാന്‍ ഈ യോഗിയെ ആരോ കേരളത്തിലേക്ക് കൊണ്ടുവരുന്നുവത്രേ. വരട്ടെ….വരട്ടെ…..

shortlink

Related Articles

Post Your Comments

Related Articles


Back to top button