പനങ്ങാട് : വീട്ടുടമ അഡ്വാന്‍സ് തുക മടക്കി നല്‍കുന്നില്ലെന്നാരോപിച്ച് വയോധികയും മകളും പൊലീസ് സ്റ്റേഷനില്‍ സമരത്തില്‍. തങ്ങളുടെ പരാതിയില്‍ നീതി നിഷേധിക്കപ്പെട്ടതിലും പൊലിസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിലും പ്രതിഷേധിച്ചാണ് വയോധികയും മകളും ആത്മഹത്യാ ഭീഷണിയുമായി പനങ്ങാട് പൊലീസ് സ്റ്റേഷനു മുന്നില്‍ സമരം നടത്തിയത്. കന്നാസില്‍ മണ്ണെണ്ണയുമായെത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും പൊലീസ് ഉദ്യോഗസ്ഥനും നീതി പാലിക്കണമെന്ന ബോര്‍ഡും പിടിച്ച് രാവിലെ 11.30ന് ആയിരുന്നു സംഭവം.
ലോട്ടറി വില്‍പനക്കാരി അരൂര്‍ ചൂളയില്‍ പത്മാവതിയമ്മയും (68) മകള്‍ ഗിരിജയുമാണ് പൊലീസിനെതിരെ സമരം നടത്തിയത്. ഇവര്‍ താമസിച്ചിരുന്ന പനങ്ങാട്ടെ വാടക വീടിന്റെ അഡ്വാന്‍സ് തുകയായ 21,000 രൂപ ഉടമ തിരിച്ച് നല്‍കുന്നില്ലെന്നും അത് വാങ്ങിച്ചു തരണമെന്നും ആവശ്യപ്പെട്ട് മേയ് 1നാണു പനങ്ങാട് സിഐയ്ക്കു പരാതി നല്‍കിയത്. നടപടി ഇല്ലാത്തതു ചോദിക്കാന്‍ ചെന്ന പത്മാവതിയമ്മയേയും ഗിരിജയേയും സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും പിടിവലിക്കിടെ പരാതി കീറുകയും ചെയ്തുവെന്നും ആരോപിച്ച് 4ന് എസ്പിക്കു നല്‍കി. ഈ പരാതിയിലും നടപടി ഉണ്ടായില്ല. .
3 മാസത്തെ വാടക ലഭിക്കാനുള്ളതാണ് ഇവര്‍ക്ക് അഡ്വാന്‍സ് തുക മടക്കി നല്‍കാതിരുന്നതെന്ന് വീട്ടുടമ പറഞ്ഞതായി പനങ്ങാട് പൊലീസ് പറയുന്നു. വാടക കൊടുത്തതിനോ വാങ്ങിയതിനോ രേഖകളിലില്ല. വാടക ചീട്ട് ഉണ്ടായിരുന്നില്ല. ഇവര്‍ ഇതിന് മുന്‍പ് താമസിച്ച വീട്ടുടമസ്ഥനെതിരെയും പരാതിയുമായി വന്നിട്ടുണ്ടെന്നും അത് ഒത്തുതീര്‍പ്പാക്കിയിരുന്നെന്നും കൂടാതെ പരാതി പൊലിസ് സ്റ്റേഷനില്‍ സൂക്ഷിക്കേണ്ടെന്നു പറഞ്ഞ് അവര്‍ ബലമായി പിടിച്ചു വലിക്കുകയായിരുന്നെന്നും സിഐ പറഞ്ഞു. ഇവര്‍ക്ക് കിട്ടാനുള്ള തുക നല്‍കാന്‍ വീട്ടുടമ സമ്മതിച്ചിട്ടുണ്ടെന്നു സിഐ പറഞ്ഞതോടെയാണ് സമരം അവസാനിപ്പിച്ചത്.
Post Your Comments