കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിപിഎം മുന്‍ കൗണ്‍സിലറുമായിരുന്ന സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ആര്‍എംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരനെ കൊല്ലാന്‍ നേതൃത്വം നല്‍കിയവര്‍ തന്നെയാണ് സിഒടി നസീറിനെയും ആക്രമിച്ചതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന നസീര്‍ സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കല്ലെറിഞ്ഞ കേസില്‍ പ്രതിയായിരുന്നു. വിദേശത്ത് പോകാനടക്കം യാതൊരു സഹായവും കിട്ടിയില്ലെന്ന് കാണിച്ച് 2015ലാണ് പാര്‍ട്ടിയുമായി അകന്നത്.
ഇന്നലെ രാത്രിയാണ് തലശ്ശേരിയില്‍ വച്ച് സി ഒ ടി നസീറിനെ മൂന്നംഗ സംഘം ആക്രമിച്ചത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം നാസറിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ കാര്യമായി പരിക്കേറ്റ നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നസീര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
സിഒടി നസീറിന് നേരെ നടന്നത് വധശ്രമം തന്നെയാണ്. അദ്ദേഹത്തെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിന് പിന്നില്‍ സിപിഎമ്മാണ്. നസീറിനെ വകവരുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. സിഒടി നസീറിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. ആക്രമിച്ചത് മുന്‍പരിചയമില്ലാത്തവരാണെന്നും ഇവരെ ഇനി കണ്ടാല്‍ തിരിച്ചറിയുമെന്നാണ് നസീര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
Post Your Comments