തിരുവനന്തപും : തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് പലപ്പോഴായി നടന്ന കേടികളുടെ സ്വര്‍ണസ്വര്‍ണക്കടത്തില്‍ കണ്ണികളായത് സ്ത്രീകളെന്ന് തെളിഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മുഖ്യകണ്ണികള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ ഡി.ആര്‍.ഐ തീരുമാനിച്ചു. അഭിഭാഷകന്‍ ബിജു മോഹനന്റെ നേതൃത്വത്തിലെ സംഘം പത്തിലേറെ സ്ത്രീകളെ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്നും കണ്ടെത്തി.
കഴക്കൂട്ടം സ്വദേശിയായ അഡ്വ. ബിജു മോഹനന്‍, സുഹൃത്തായ വിഷ്ണു, ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിത്തു എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണികളെന്നാണ് ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍. ഒരാഴ്ചയായിട്ടും ഇവരെ പിടികൂടാനാവാത്തതിനാലാണ് അഡ്വ. ബിജുവിനൊപ്പം വിഷ്ണു, ജിത്തു എന്നിവര്‍ക്കായും ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ തീരുമാനിച്ചത്. ദുബായിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തില്‍ തിരച്ചില്‍ അവിടേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകളെ മറയാക്കിയാണ് ഇവരുടെ സംഘം കൂടുതലായും സ്വര്‍ണം കടത്തിയിരുന്നതെന്ന് തെളിവ് ലഭിച്ചു.
കുടുംബയാത്രക്കാരെന്ന് തെറ്റിദ്ധരിപ്പിക്കാനായി സ്വര്‍ണവുമായി വരുന്ന പുരുഷനൊപ്പം സ്ത്രീയെ അയക്കുന്നതാണ് രീതി. ബിജുവിന്റെ ഭാര്യയെ ഇങ്ങിനെ ഉപയോഗിച്ച് നാല് തവണ സ്വര്‍ണം കടത്തിയെന്ന് കണ്ടെത്തിയതോടെ അവരെ അറസ്റ്റ് ചെയ്തിരുന്നു. കഴക്കൂട്ടം സ്വദേശിയായ മറ്റൊരു സ്ത്രീയെ ഇന്നലെ ചോദ്യം ചെയ്തപ്പോളും ഇതേ കാര്യങ്ങള്‍ സമ്മതിച്ചു. അവരെ മാപ്പുസാക്ഷിയാക്കാനായി മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. 25 കിലോ സ്വര്‍ണവുമായി പിടിയിലായ സെറീന ഷാജിയുടെ സഹായത്തോടെ പത്തിലേറെ സ്ത്രീകളെ ഇങ്ങിനെ കാരിയറായി ഉപയോഗിച്ചെന്നാണ് ഡി.ആര്‍.ഐയുടെ നിഗമനം. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്ന സംശയത്തില്‍ തിരുവനന്തപുരത്തെ മൂന്ന് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്.
Post Your Comments