ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം നരേന്ദ്ര മോദി ഇന്നലെയാണ് ആദ്യമായി വാര്‍ത്താ സമ്മേളനം നടത്തിയത്. ബിജെപി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പമമായിരുന്നു മോദി മാധ്യമപ്രവര്‍ത്തകരെ കണ്ടത്. എന്നാല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ മോദി തയ്യാറായിരുന്നില്ല.
പാര്‍ട്ടി പ്രസിഡന്റ് ഉള്ളപ്പോള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകനായി താനിവിടെ ഇരിക്കുന്നതാണ് ഉചിതമെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മോദിയുടെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് ചോദ്യമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മോദി മറുപടി കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ മോദിയുടെ വാര്‍ത്താ സമ്മേളനത്തിലെ മൗനത്തെ പരിഹസിച്ചുള്ള ദി ടെലഗ്രാഫ് ദിനപത്രത്തിന്റെ ഒന്നാം പേജാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. മോദിയെ കണക്കറ്റ് പരിഹസിക്കുകയായിരുന്നു ടെലഗ്രാഫ് ചെയ്തത്. പ്രധാനമന്ത്രി ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനം ശബ്ദ നിരോധിത മേഖലയാണെന്ന് ഹോണടിക്കരുതെന്ന ചിഹ്നം നല്‍കിയാണ് ടെലിഗ്രാഫ് ട്രോളിയത്. പ്രധാനമന്ത്രി ഉത്തരങ്ങള്‍ നല്‍കാത്തതിനാല്‍ അതിനുള്ള സ്ഥലം ഒഴിച്ചിട്ട പത്രം വാര്‍ത്താസമ്മേളനത്തിലെ മോദിയുടെ വിവിധ ഭാവങ്ങളുടെ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. അതിനൊപ്പം തന്നെ രാഹുല്‍ ഗാന്ധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണെന്ന് മറ്റൊരു വാര്‍ത്തയും ടെലിഗ്രാഫ് നല്‍കിയിട്ടുണ്ട്.
വാര്‍ത്താ സമ്മേളനം അവസാനിച്ചതിന് പിന്നാലെ മോദിയുടെ മൗനത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു. ‘ അഭിനന്ദനങ്ങള്‍ മോദിജി, മഹത്തായ വാര്‍ത്താ സമ്മേളനം ! നിങ്ങള്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ യുദ്ധം പാതി ജയിച്ചു. അടുത്ത തവണ മിസ്റ്റര്‍ ഷാ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നിങ്ങളെ അനുവദിക്കും. നന്നായി ! എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാര്‍ത്താസമ്മേളനം കഴിഞ്ഞ ഉടന്‍ തന്നെ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.
Post Your Comments