കേദാർനാഥ്: പൊതു തെരഞ്ഞെടുപ്പ് അവസാന ലാപ്പിലെത്തിനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകാന്തവാസവും ധ്യാനവും. ഉത്തരാഖണ്ഡിലെ രുദ്രാ ഗുഹയിലാണ് മോദിയുടെ ഏകാന്ത ധ്യാനം. പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ച് കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി രുദ്ര ഗുഹയിലെത്തി ധ്യാനം ആരഭിച്ചത്. നേരത്തെ അരമണിക്കൂറോളം മോദി ക്ഷേത്രത്തിൽ ചെലവഴിച്ചിരുന്നു.
ക്ഷേത്രം വലം വയ്ക്കുകയും ചെയ്തു. പ്രധാനമന്ത്രി നാളെ രാവിലെ വരെ രുദ്രാ ഗുഹയില്‍ ഏകാന്ത ധ്യാനം നടത്തുമെന്നാണ് അറിയിച്ചിട്ടുളളത്.നേരത്തെ ഒരു മണിക്കൂര്‍ ധ്യാനം എന്നായിരുന്നു അറിയിപ്പ്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ. പരിസരം മുഴുവന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മോദിയുടെ ഏകാന്ത ധ്യാനം കഴിയുന്നതുവരെ പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കും.
ഉത്തരാഖണ്ഡിലെ തീർത്ഥയാത്രയ്ക്ക് ഒപ്പം, ഔദ്യോഗികാവശ്യത്തിന് കൂടിയാണ് മോദി ഉത്തരാഖണ്ഡിലെ കേദാർ നാഥിലെത്തിയിരിക്കുന്നത്. നാളെ ദില്ലിയിലേക്ക് തിരിക്കുംമുൻപ് ബദരീനാഥും സന്ദർശിക്കുമെന്ന് അറിയിപ്പുണ്ട്. രണ്ടരമണിക്കൂറോളം നടന്നാണ് മോദി കേദാർനാഥിലെ ഗുഹയിൽ ധ്യാനിക്കാനെത്തിയത്.
Post Your Comments