മലപ്പുറം: എസ്എസ്എല്‍സി പരീക്ഷ പാസായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നിഷേധിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. എടക്കരയിലെ ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നിഷേധിച്ചത്. തുടര്‍ന്ന്, സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ, കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
എസ്എസ്എല്‍സി പാസായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നല്‍കുന്നതിന് ഒരു ലക്ഷത്തിലധികം രൂപ ആവശ്യപ്പെട്ട സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പരാതി നല്‍കിയിരുന്നു. എസസ്എസ്എല്‍സി വിജയിച്ചതോടെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ അഡ്മിഷന് ശ്രമിച്ച ആറ് കുട്ടികളോടാണ് മാനേജ്‌മെന്റ് പണം ആവശ്യപ്പെട്ടത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഹയര്‍ സെക്കന്ററി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശു ക്ഷേമ സമിതി സ്‌കൂളിന് നോട്ടീസ് അയക്കുകയും ചെയ്തു. 23 കുട്ടികളാണ് ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പരീക്ഷ പാസായത്. ഇതില്‍ ആറ് പേരാണ് പ്ലസ് വണ്ണിലേക്ക് മറ്റ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറാന്‍ തീരുമാനിച്ചത്. ഇതിനായി ഏകജാലക സംവിധാനം വഴി അപേക്ഷ കൊടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ടിസി വാങ്ങാനായി ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിലെത്തിയപ്പോഴാണ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളോട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്.
തങ്ങളുടെ സ്‌കൂളില്‍ പത്ത് വരെ പഠിക്കുന്ന കുട്ടികള്‍ ഹയര്‍ സെക്കന്ററിയിലും ഇവിടെ തുടരണമെന്നാണ് നിബന്ധനയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പറയുന്നു. രക്ഷിതാക്കള്‍ ഇത് അംഗീകരിച്ചിരുന്നതായാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദം. ഹയര്‍ സെക്കന്ററിയില്‍ കുട്ടികള്‍ കുറയുന്നത് തങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
Post Your Comments