Latest NewsIndia

കാമുകനെതിരെ ക്വട്ടേഷന്‍ നൽകി : ടെന്നീസ്‌ താരം വാസവി അറസ്‌റ്റില്‍

ടെന്നീസ്‌ താരമെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെ തമിഴ്‌നാട്‌ കണ്ട താരമാണു വാസവി.

ചെന്നൈ: മൊബൈല്‍ ഫോണിലെ ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ വിസമ്മതിച്ച കാമുകനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയ ടെന്നീസ്‌ താരം അറസ്‌റ്റില്‍. ദേശീയ മുന്‍ അണ്ടര്‍ 14 ചാമ്പ്യന്‍ വാസവി ഗണേശന്‍ (20) ആണ്‌ അറസ്‌റ്റിലായത്‌. കില്‍പൗക്ക്‌ സ്വദേശിയായ കെ. നവീത്‌ അഹമദ്‌(21) ആണ്‌ ആക്രമണത്തിനിരയായത്‌. താരത്തിനൊപ്പം ക്വട്ടേഷന്‍ സംഘാംഗങ്ങളായ അഞ്ച്‌ പേരും അറസ്‌റ്റിലായിട്ടുണ്ട്‌. ടെന്നീസ്‌ താരമെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെ തമിഴ്‌നാട്‌ കണ്ട താരമാണു വാസവി.

എട്ടാം വയസുമുതല്‍ അവര്‍ മത്സരരംഗത്തുണ്ട്‌. അമേരിക്കയില്‍ സൈക്കോളജി വിദ്യാര്‍ഥിയാണ്‌ ഇപ്പോള്‍. വാസവിയും ചെന്നൈ സ്വദേശി നവീത്‌ അഹമദും പ്രണയത്തിലായിരുന്നു. ഈ മാസം ആറിനാണു വാസവി ചെന്നൈയിലെത്തിയത്‌. അണ്ണാ നഗറിലെ ഒരു പാര്‍ക്കില്‍ ഇരുവരും ഒരുമിച്ചു ചെലവിട്ടു. ഇതിനിടെ ചില ചിത്രങ്ങളും നവീത്‌ ഫോണില്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന വാസവിയുടെ ആവശ്യം തര്‍ക്കത്തില്‍ കലാശിച്ചു. തുടര്‍ന്ന്‌ ഹെല്‍മറ്റ്‌ ഉപയോഗിച്ചു അവരെ മര്‍ദിച്ചശേഷം ഫോണുമായി നവീത്‌ സ്‌ഥലംവിട്ടു.

നവീതിനു തിരിച്ചടി നല്‍കാനും ഫോണ്‍ തിരികെ വാങ്ങാനും ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട ഏതാനും പേര്‍ക്ക്‌ വാസവി ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. മേയ്‌ ഒന്‍പതിന്‌ രാത്രി 11.15 നു ബൈക്കില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന നവീതിനെ കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി.അയാളുടെ മൊബൈല്‍ ഫോണും വാച്ചും ആഭരണങ്ങളും ഇവര്‍ പിടിച്ചെടുത്തു.  നവീതിനെ വിട്ടുനല്‍കണമെങ്കില്‍ രണ്ടു ലക്ഷം രൂപ കൂടി നല്‍കണമെന്നായി ക്വട്ടേഷന്‍ സംഘം. പണം നല്‍കിയില്ലെങ്കിലും പിന്നീട്‌ വിട്ടയച്ചു. നവീതിന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണു കേസെടുത്തത്‌. സി.സി.ടിവി ദൃശ്യങ്ങളില്‍നിന്നാണു സംഘാംഗമായ ഭാസ്‌കറിനെ തിരിച്ചറിഞ്ഞത്‌.

ഇയാളുടെ അമ്മ പോലീസ്‌ കോണ്‍സ്‌റ്റബിള്‍ ആണ്‌. ഇയാളുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണു മറ്റുള്ളവരും കുടുങ്ങിയത്‌. നവീതിനെ ഉപദ്രവിക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്നും ഫോണ്‍ തിരികെ വാങ്ങാന്‍ മാത്രമാണു നിര്‍ദേശിച്ചതെന്നും വാസവി വാദിച്ചെങ്കിലും തെറ്റാണെന്നു അന്വേഷണത്തില്‍ വ്യക്‌തമായി. ഇതോടെ, വാസവിയെയും അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.നുങ്കപ്പാക്കം സ്വദേശി ഗോകുല്‍, അറുബാക്കം സ്വദേശി അഭിഷേക്‌, എസ്‌. ഭാസ്‌കര്‍, ശരവണന്‍, ബാഷ എന്നിവരും അറസ്റ്റിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button