മലപ്പുറം: തലച്ചോറിനെ ഭക്ഷിക്കുന്ന അപൂര്‍വ്വ ഇനം ബാക്ടീരിയ .മലപ്പുറത്ത് പത്ത് വയസുകാരിയ്ക്ക് ദാരുണാന്ത്യം. പെരിന്തല്‍മണ്ണയിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമീബിക് മെനിഞ്ചൈറ്റിസ് ബാധയാണെന്നാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. പത്തു വയസുകാരിക്ക് ബാധിച്ചതും ഇത് തന്നെയാണ്. അപൂര്‍വ്വമായി ഉണ്ടാകുന്ന ഈ രോഗം ഗ്ലേറിയ ഫൗലേരി എന്ന ഏകകോശ ജീവിയാണ് പരത്തുന്നത്.
വെള്ളത്തിലൂടെയാണ് ഈ രോഗാണു മനുഷ്യരിലേക്ക് പടര്‍ന്ന് പിടിക്കുന്നത്. പുഴയിലും ക്വാറികളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൂടുതലും ഈ രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആയതിനാല്‍ രോഗാണുവിന്റെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സക്കീന അറിയിച്ചു. മലപ്പുറം അരിപ്ര സ്വദേശിയായ ഐശ്വര്യ ഇന്നലെയാണ് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ച് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് വിദഗ്ദ്ധ ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
2016 മാര്‍ച്ചില്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി അമീബിക് മെനിഞ്ചൈറ്റിസ് എന്ന അപൂര്‍വ്വ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ വീണ്ടും മെനിഞ്ചൈറ്റിസ് പിടികൂടിയിരിക്കുകയാണ്. നിഗ്ലേറിയ ഫൗളേറി എന്ന ഏകകോശ ജീവി (അമീബ) ഉണ്ടാക്കുന്ന അസുഖമാണ് അമീബിക് മെനിഞ്ചെറ്റിസ്. ജലാശയങ്ങളിലാണ് ഈ ഏകകോശ ജീവിയെ സാധാരണ കണ്ടു വരുന്നത്.
കുളിക്കുമ്പോഴോ നീന്തുമ്പോഴോ മൂക്കിലൂടെയാവും ഇത് മനുഷ്യശരീരത്തില്‍ പ്രവേശിക്കുക. മറ്റു മെനിഞ്ചൈറ്റിസ് രോഗങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ തലച്ചോറില്‍ നാശം വരുത്തുന്നതാണു അമീബിക് മെനിഞ്ചൈറ്റിസ്. രാജ്യത്താകെ തന്നെ പത്തോളം പേര്‍ക്ക് മാത്രമാണ് ഈ രോഗം കണ്ടെത്തിയിട്ടുള്ളുവെന്നാണ് വിവരം. മൂക്കിനുള്ളിലൂടെ നേരെ ശരീരത്തിലെത്തുന്ന അമീബ നേരെ മസ്തിഷ്‌കത്തിലേക്കാണ് ആദ്യം പ്രവേശിക്കുക. തലച്ചോറിനുള്ളില്‍ മണം അറിയാനുള്ള ഞരമ്പിലാവും ഇവയുടെ സാന്നിധ്യമുണ്ടാവാറ്. തലച്ചോറില്‍ സംവേദനത്തിനുപയോഗിക്കുന്ന രാസവസ്തുക്കളാണ് ഇവയുടെ ഭക്ഷണം. ഈ രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
Post Your Comments