Latest NewsKeralaIndia

തിരുവനന്തപുരം വഴിയുള്ള സ്വർണ്ണക്കടത്ത്: മുഖ്യപ്രതി ഇടത് അഭിഭാഷക സംഘടന നേതാവ് : പല പ്രമുഖരും അങ്കലാപ്പിൽ

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതിയായ അഡ്വ. ബിജുവിന്റെ ഭാര്യ വിനീതയെ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ റവന്യു ഇന്റലിജന്‍സ്‌ (ഡി.ആര്‍.ഐ) ഉദ്യോഗസ്‌ഥര്‍ കസ്‌റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്‌. സ്വര്‍ണക്കടത്തിന്റെ നിര്‍ണായക വിവരങ്ങള്‍ ഇവരില്‍നിന്നു ലഭിച്ചെന്നാണു സൂചന. അഭിഭാഷകന്റെ നേതൃത്വത്തിലുള്ള വന്‍ സംഘമാണ് കള്ളക്കടത്തിനു പിന്നിലെന്ന് പോലീസ് തെളിവു ലഭിച്ചു. ഇടതു അഭിഭാഷക സംഘടന നേതാവും ബാര്‍ അസോസിയേഷന്‍ ഭാരവാഹിയുമായിരുന്ന അഡ്വ. ബിജു മോഹനന്‍ ഉള്‍പ്പെടെ വലിയൊരു റാക്കറ്റ് പിന്നിലുണ്ട്.

കഴിഞ്ഞ ദിവസം എട്ടു കോടി രൂപ വിലമതിക്കുന്ന 25 കിലോഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തില്‍ പിടിയിലായ കെ.എസ്‌.ആര്‍.ടി.സി. കണ്ടക്‌ടര്‍ തിരുമല സ്വദേശി സുനില്‍കുമാര്‍, കഴക്കൂട്ടം സ്വദേശിനി സെറീന എന്നിവരില്‍നിന്നാണ്‌ ഇതിനു പിന്നിലുള്ള സംഘത്തെപ്പറ്റി വിവരം ലഭിച്ചത്‌. അഭിഭാഷകനായ ബിജുവാണു സംഘത്തിലെ പ്രധാനിയെന്നു തുടരന്വേഷണത്തില്‍ വ്യക്‌തമായി. വിനീതയെ ഉപയോഗിച്ച്‌ നാലു തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണു വിവരം. തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിന്റെ അടുത്ത സൂഹൃത്താണ് ബിജു മോഹനന്‍.

ഇരുവരും ഒരേ ഓഫീസിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. നഗരസഭാ തെരഞ്ഞെടുപ്പില്‍ ബിജുവിനേയും സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. ഒരേ ഓഫീസിലെ രണ്ടു പേര്‍ മത്സരിക്കേണ്ട എന്ന ധാരണയില്‍ ബിജു പിന്മാറുകയായിരുന്നു.ബിജുവും ഭാര്യയും തുടര തുടരെ ദുബായ് യാത്ര നടത്തിയിരുന്നു. യാത്രയിലെല്ലാം സ്വര്‍ണ്ണം കൊണ്ടു വന്നിരുന്നതായി ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്. അഡ്വ.ബിജുവിന്റെ നിര്‍ദേശപ്രകാരമാണെന്ന് അറസ്റ്റിലായ സുനില്‍കുമാറും സെറീനയും മൊഴി നല്‍കി. അഭിഭാഷകന്‍ സമീപിച്ചതെന്നും മൊഴിയില്‍ പറയുന്നു. കാരിയര്‍മാരെ പിടിച്ചതോടെ അപകടം മണത്ത അഭിഭാഷകന്‍ മുങ്ങി.

ഇതിനെത്തുടര്‍ന്ന് ഇയാളെ കണ്ടെത്താന്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. സെറീനയും നേരത്തേ 10 തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ഡിആര്‍ഐ കണ്ടെത്തി. മസ്‌കറ്റില്‍ നിന്ന് 25 ബിസ്‌കറ്റുകളായി ബാഗിലൊളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. ബിജു വഴിയാണ്‌ സെറീന സുനില്‍കുമാറിനെ പരിചയപ്പെട്ടത്‌. ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സെറീന നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ട്‌. ബിജു അഞ്ചു തവണ നേരിട്ടെത്തി സ്വര്‍ണം കടത്തി.

സുനില്‍കുമാറിനും സെറീനയ്‌ക്കും സ്വര്‍ണം കടത്തുന്നതിനു കമ്മീഷനാണു നല്‍കിയിരുന്നത്‌. സുനിലും സെറീനയും റിമാന്‍ഡിലാണ്‌. വിനീതയുടെ അറസ്‌റ്റ്‌ സംബന്ധിച്ച നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button