തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീ കൊളുത്തി മരിച്ച സംഭവത്തില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കുടുംവഴക്കും കടബാധ്യതയും മൂലമുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കടബാധ്യതയുടെ പേരില്‍ പ്രതികള്‍ ലേഖയെ കുറ്റപ്പെടുത്തിയിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അതിനിടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും കുറിച്ച് ലേഖ എഴുതിയ കുറിപ്പുകള്‍ പൊലീസിന് ലഭിച്ചു. കുടുംബ വഴക്കിനെ കുറിച്ച് വിശദമായെഴുതിയ ഒരു ബുക്കാണ് പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം വീട്ടില്‍ വഴക്ക് പതിവായിരുന്നെന്നും തന്നെ സമൂഹത്തിന് മുന്നില്‍ മോശക്കാരിയായി ചിത്രീകരിക്കാന്‍ ഭര്‍ത്താവിന്റെ അമ്മ ശ്രമിക്കുന്നതായും ഇതില്‍ പറയുന്നു.
ഓരോ ദിവസത്തെയും ചെലവുകള്‍ സംബന്ധിച്ചും ബുക്കില്‍ കുറിച്ചിട്ടുണ്ട്. കടങ്ങള്‍ എങ്ങനെ ഉണ്ടായി എന്ന് ചോദിച്ച് ചന്ദ്രനും കൃഷ്ണമ്മയും കുറ്റപ്പെടുത്തിയിരുന്നുവെന്നും ലേഖ കുറിച്ചിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് താന്‍ അയച്ച പണം എന്ത് ചെയ്തുവെന്നും ആര്‍ക്ക് കൊടുത്തുവെന്നും ചോദിച്ചു കുറ്റപ്പെടുത്തിയിരുന്നു. എല്ലാം തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. ആദ്യമൊക്കെ തനിക്ക് വലിയ സങ്കടം ആയി. പിന്നീട് മകളുടെ കാര്യം ആലോചിച്ചായിരുന്നു സങ്കടമെന്നും ലേഖ ബുക്കില്‍ എഴുതി വച്ചിരുന്നു.
അതിനിടെ, സംഭവത്തിന് തലേന്നും വീട്ടില്‍ വഴക്കുണ്ടായിരുന്നതായി ഭര്‍ത്താവ് ചന്ദ്രന്റെ മൊഴി പുറത്തുവന്നിരുന്നു. കഴിഞ്ഞ ആഴ്ചയും വീട്ടില്‍ മന്ത്രവാദം നടന്നു. വസ്തുവില്‍പനയ്ക്ക് അമ്മ തടസം നിന്നതായും അതില്‍ തര്‍ക്കമുണ്ടായെന്നും ചന്ദ്രന്‍ പറഞ്ഞു. ഇവിടെ സ്ഥിരം എത്താറുള്ള മന്ത്രവാദിയെ തിരിച്ചറിഞ്ഞുവെന്ന് പൊലീസും വ്യക്തമാക്കി. കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃമാതാവ് കൃഷ്ണമ്മ, ബന്ധുക്കളായ ശാന്ത, കാശിനാഥന്‍ എന്നിവര്‍ റിമാന്‍ഡിലാണ്.
Post Your Comments