മാവേലിക്കര: ഒന്നിനു പുറകേ ഒന്നായി ദുരന്തത്തിന്റെ പെരുമഴയാണ് ഈ കുടുംബത്തിന്. പ്രളയ ദുരന്തത്തില്‍പ്പെട്ട കുടുംബത്തിന്റെ താത്കാലിക വീടും കത്തി നശിച്ചിരിക്കുകയാണ്. ചെട്ടികുളങ്ങര മറ്റം തെക്ക് മങ്ങാട്ട് കോളനിയില്‍ മഞ്ഞിപ്പുഴ ചിറയില്‍ കൃഷ്ണന്റെയും ലീലയുടെയും വീടാണ് കത്തിനശിച്ചത്. ഇവരുടെ മരുമകള്‍ ശാരിക്ക് പൊള്ളലേറ്റു. ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ പടര്‍ന്നാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെ 8 മണിക്കായിരുന്നു സംഭവം.
വീട് നിര്‍മ്മാണാവശ്യത്തിനായി കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നെടുത്ത ഒരു ലക്ഷം രൂപയുള്‍പ്പെടെ നിരവധി സാധനങ്ങളാണ് കത്തിനശിച്ചത്. കടംവാങ്ങിയും മറ്റും സൂക്ഷിച്ചിരുന്ന പണവും രണ്ട് ലക്ഷത്തോളം രൂപയുടെ വീട്ടുപകരണങ്ങളും വസ്തുവിന്റെ പ്രമാണവും മറ്റു രേഖകളും വസ്ത്രങ്ങളും ഇവയില്‍പ്പെടും.സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച്, ബേസ്‌മെന്റ് പൂര്‍ത്തിയാക്കിയ വീടിന്റെ സമീപമായിരുന്നു താത്കാലിക വീട് നിര്‍മ്മിച്ചിരുന്നത്. നിര്‍മ്മാണത്തിലുള്ള വീടിന്റെ കട്ടിള വെയ്പ് ചടങ്ങുകള്‍ നടത്തുന്നതിന് തൊട്ടു മുന്‍പാണ് ദുരന്തമുണ്ടായത്. ശാരി മരണത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇനി എന്ത് എന്ന ചോദ്യമാണ് ഈ കുടുംബത്തിന് മുന്നില്‍.
തിങ്കളാഴ്ച ഏജന്‍സിയില്‍ നിന്നും എത്തിച്ച സിലിണ്ടറില്‍ നിന്നാണ് തീ പിടിച്ചത്. സിലിണ്ടറും റെഗുലേറ്ററും രണ്ട് കമ്പനികളുടേതാണെന്നും റെഗുലേറ്റര്‍ തകരാറിലായിരുന്നതിനാലാണ് സിലിണ്ടറില്‍ നിന്നും ഗ്യാസ് ലീക്ക് ചെയ്തതെന്നും വീട്ടുകാര്‍ പറഞ്ഞു. വീടിന് പുറത്ത് കൂട്ടിയ അടുപ്പില്‍ നിന്നും പറന്ന് വീണ തീപ്പൊരിയില്‍ നിന്നാണ് സിലിണ്ടറിന് തീപിടിച്ചത്. പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറാനുള്ള പരിശ്രമങ്ങള്‍ക്കിടയിലാണ് മറ്റൊരു ദുരന്തംകൂടി ഈ കുടുംബം ഏറ്റു വാങ്ങേണ്ടിവന്നിരിക്കുന്നത്.
Post Your Comments