കൊളംബോ : ശ്രീലങ്കയില്‍ വര്‍ഗീയകലാപ ം തുടരുന്നു. കലാപവുമായി ബന്ധപ്പെട്ടു 22 പേര്‍ അറസ്റ്റിലായി. ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടാം ദിവസവും രാജ്യമൊട്ടാകെ നിശാനിയമം തുടരുകയാണ്. സംഘര്‍ഷങ്ങള്‍ക്ക് ഇതുവരെ അയവ് വന്നിട്ടില്ല. ഇതിനിടെ രാജ്യത്തെ പ്രതിരോധ സഹമന്ത്രി റുവാന്‍ വിജയവര്‍ധനെയെ പ്രതിരോധ മന്ത്രിയായി നിയമിച്ചു. സംഘര്‍ഷമേഖലയായ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യ പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. തെരുവുകളില്‍ സൈനികര്‍ റോന്തു ചുറ്റുന്നുണ്ട്.
കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ട അക്രമികള്‍ ആരാധനാലയങ്ങളും തകര്‍ത്തു. ഇരുമ്പുവടികളും വാളുകളുമായെത്തിയ അക്രമികള്‍ വീടുകളും ആക്രമിച്ചു. വെട്ടേറ്റാണ് ഒരാള്‍ കൊല്ലപ്പെട്ടത്. കുട്ടികളും സ്ത്രീകളുമടക്കമുളളവര്‍ കൃഷിയിടങ്ങളില്‍ ഒളിച്ചുകഴിയുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വര്‍ഗീയ സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്രസംഘടന ഉല്‍കണ്ഠ പ്രകടിപ്പിച്ചു.
ഏപ്രില്‍ 21നു നടന്ന ചാവേറാക്രമണ പരമ്പരയ്ക്കു പിന്നിലെന്നു സംശയിക്കുന്ന നാഷനല്‍ തൗഹീദ് ജമാഅത്ത് (എന്‍ടിജെ) അടക്കം 3 സംഘടനകളെ നിരോധിച്ച് പ്രസിഡന്റ് മൈത്രിപാല സിരിസേന ഗസറ്റഡ് വിജ്ഞാപനമിറക്കി. ജമാഅത്തെ മില്ലത്തെ ഇബ്രാഹീം (ജെഎംഐ), വിലായത്താസ് സെയ്ലാനി എന്നിവയാണു നിരോധിക്കപ്പെട്ട മറ്റു 2 സംഘടനകള്‍. സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ആയിരത്തോളം പേര്‍ അറസ്റ്റിലായി. ചാവേറാക്രമണവുമായി ബന്ധപ്പെട്ട എല്ലാവരെയും പിടികൂടുകയോ വധിക്കുകയോ ചെയ്തതായി പൊലീസ് അറിയിച്ചു.
Post Your Comments