തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ അമ്മയുടേയും മകളുടേയും ജീവനെടുത്തത് ബാങ്ക് നടപടി തന്നെയെന്ന് എഡിഎമ്മിന്റെ റിപ്പോര്‍ട്ട് പുറത്ത്. മാരായമുട്ടത്തെ ചന്ദ്രനും കുടുംബവും എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ സ്ഥലം എംഎല്‍എ ഇടപെട്ട് അല്‍പംകൂടി സാവകാശം ലഭിക്കാന്‍ ശ്രമം നടക്കുമ്പോഴാണ്, കാനറാ ബാങ്ക് കേസും ജപ്തി നടപടികളും വേഗത്തിലാക്കിയത്. അഭിഭാഷക കമ്മിഷന്‍ വീട്ടിലെത്തി നടപടികള്‍ വിശദീകരിച്ചതോടെയാണ് ചന്ദ്രന്റെ ഭാര്യ ലേഖയും മകള്‍ വൈഷ്ണവിയും കടുത്ത മാനസിക പ്രയാസത്തിലായത്-തിരുവനന്തപുരം എഡിഎം റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
സംസ്ഥാനത്തു പൊതു വായ്പാ മൊറട്ടോറിയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരമ്മയും മകളും ജീവന്‍വെടിയുന്ന സ്ഥിതിയിലേക്കു കാര്യങ്ങളെത്തിച്ചതു ന്യായീകരണമില്ലാത്ത തെറ്റാണെന്ന് റവന്യൂമന്ത്രി കാനറാ ബാങ്ക് ജനറല്‍ മാനേജരെ അറിയിച്ചിട്ടുണ്ട്. ഭാര്യയെയും മകളെയും നഷ്ടപ്പെട്ട ഗൃഹനാഥനു നഷ്ടപരിഹാപരം നല്‍കാന്‍ ബാങ്ക് തയാറാകണമെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണു സംസ്ഥാന സര്‍ക്കാര്‍ നയമെന്നും ഇതു ലംഘിച്ചതു ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments