കാസര്‍കോട്: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ സിപിഎം നേതാക്കള്‍ക്ക് ജാമ്യം. സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ.എം. മണികണ്ഠന്‍, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. കൊലപാതകത്തില്‍ പങ്കെടുത്ത ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന്‍ ഉള്‍പ്പെടെയുള്ള സംഘത്തെ രക്ഷപ്പെടാന്‍ സഹായിച്ചത് ഇവരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൃത്യം നിര്‍വഹിച്ച ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി, തെളിവുകള്‍ നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
തെളിവുകള്‍ നശിപ്പിക്കുകയും, പ്രതികള്‍ക്ക് രക്ഷപ്പെടാനായി സൗകര്യമൊരുക്കുകയും ചെയ്തത് കെ.എം. മണികണ്ഠന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണെന്ന് അന്വേഷണസംഘം പറയുന്നു. നിലവില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് സിബിഐയ്ക്ക് വിടണമെന്നും നേരത്തെ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കളും കോണ്‍ഗ്രസ് നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചില്ല.
തുടര്‍ന്ന് ഇരുവരുടെയും ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹര്‍ജി ഹൈക്കോടതി മേയ് 25ന് പരിഗണിക്കും. ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പ് തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. കേസില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമനെ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു. മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫ എന്നിവരെയും അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴി എടുത്തിരുന്നു.
Post Your Comments