തിരുവനന്തപുരം•നെയ്യാറ്റിന്‍കരയില്‍ കനറാ ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടര്‍ന്ന് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മാതാവ് ലേഖ (44) യും മരിച്ചു. ജപ്തി നോട്ടീസിനെത്തുടര്‍ന്നാണ് നെയ്യാറ്റിന്‍കര മരായമുട്ടം സ്വദേശികളായ ലേഖയും മകള്‍ വൈഷ്ണവി (19) യും തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. വൈകിട്ടോടെയാണ് പെണ്‍കുട്ടി മരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലേഖയും വൈകുന്നേരം എഴുമണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
നെയ്യാറ്റിന്‍കരയിലെ കാനറ ബാങ്കില്‍ നിന്നും വീട് നിര്‍മിക്കാനായി ഇവര്‍ വായ്പ എടുത്തിരുന്നു. 15 വര്‍ഷം മുന്‍പ് 5 ലക്ഷം രൂപയാണ് ലോണ്‍ എടുത്തത്. ഇതില്‍ ആറ് ലക്ഷത്തലധികം തുക തിരിച്ചടച്ചിരുന്നതായും ബാക്കി നാല് ലക്ഷത്തോളം ഇനിയും അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇത്രയും വലിയ തുക തിരിച്ചടയ്ക്കാന്‍ തക്ക സാമ്പത്തിക സ്ഥിതി ഇവര്‍ക്കുണ്ടായിരുന്നില്ല. ബാങ്ക് അധികൃതര്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോയ സാഹചര്യത്തില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ലേഖയും വൈഷ്ണവിയും എന്നാണ് നാട്ടുകാര്‍ പറയുന്നത്.
Post Your Comments