തിരുവനന്തപുരം• മുഖ്യമന്ത്രിയുടെ പ്രതിവാസ ടെലിവിഷന്‍ പരിപാടിയായ നാം മുന്നോട്ടിന്റെ നിര്‍മ്മാണ ചുമതല കൈരളി ചാനലിന് നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് . വകുപ്പ് നിർമ്മിക്കുന്ന ‘നാം മുന്നോട്ട്’ എന്ന പ്രതിവാര ടെലിവിഷൻ പരിപാടിയുടെ സാങ്കേതിക സൗകര്യം ഒരുക്കിയിരുന്നത് സി-ഡിറ്റാണ്. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം നടന്നിരുന്നതും സി-ഡിറ്റിന്റെ ഇതേ ഫ്‌ളോറിലാണ്. ഇക്കാരണത്താൽ ‘നാം മുന്നോട്ടി’ൽ പങ്കെടുക്കുന്ന അതിഥികളുടെ സമയം ഫ്‌ളോറിന്റെ ലഭ്യതയ്ക്കനുസരിച്ച് ക്രമപ്പെടുത്തേണ്ടതായി വന്നു. ഇത് ചിത്രീകരണത്തിന് പലപ്പോഴും അസൗകര്യമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം നഗരത്തിൽ ഷൂട്ടിംഗ് ഫ്‌ളോറും ചിത്രീകരണ സംവിധാനവും പോസ്റ്റ് പ്രൊഡക്ഷൻ സൗകര്യവുമുള്ള ടെലിവിഷൻ ചാനലുകൾ, പ്രൊഡക്ഷൻ ഹൗസുകൾ എന്നിവരിൽ നിന്നും പരിപാടിയുടെ സാങ്കേതിക നിർവഹണത്തിന് താത്പര്യപത്രം ക്ഷണിച്ചതെന്നും വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.
അതുപ്രകാരം സി-ഡിറ്റ് ഉൾപ്പെടെ മൂന്ന് ഏജൻസികൾ അപേക്ഷിച്ചിരുന്നു. എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് രണ്ടര മണിക്കൂർ (2 മുതൽ 4.30 വരെ) ഷൂട്ടിംഗ് ഫ്‌ളോർ ലഭ്യമാക്കാനാവില്ലെന്ന് താത്പര്യപത്രത്തിൽ സി-ഡിറ്റ് അറിയിച്ചിരുന്നു. തുടർന്നാണ് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ഏജൻസിയെ നിർമ്മാണ നിർവഹണ ചുമതല ഏൽപ്പിക്കാൻ തീരുമാനിച്ചത്. ഇതുമൂലം എപ്പിസോഡ് ഒന്നിന് ഒരു ലക്ഷം രൂപയോളം ചെലവ് കുറയ്ക്കാൻ കഴിയും.
പരിപാടിയുടെ ആശയരൂപീകരണം, ഏകോപനം, ചർച്ചയുടെ പാനൽ നിശ്ചയിക്കൽ, നിർമ്മാണം എന്നിവ പൂർണമായും ഐ ആന്റ് പി.ആർ.ഡിയുടെ ചുമതലയിൽ തന്നെ തുടരുമെന്ന് ഐ ആന്റ് പി.ആർ.ഡി ഡയറക്ടർ അറിയിച്ചു.
Post Your Comments