തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്നലെ നടന്ന സ്വർണക്കടത്തിൽ ഇടനിലക്കാർ അഭിഭാഷകരാണെന്ന് കണ്ടെത്തി. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത് 8 കോടിയുടെ സ്വർണമാണ്. അഭിഭാഷകർക്കായി ഡിആർഐ അന്വേഷണം ആരംഭിച്ചു. സ്വർണക്കടത്തിൽ പിടിയിലായ സുനിലിനെ ജോലി ഏൽപ്പിച്ചത് അഭിഭാഷകരാണ്.
എന്നാൽ സുനിൽ പിടിയിലായിയെന്ന് അറിഞ്ഞതോടെ അഭിഭാഷകൻ രക്ഷപ്പെട്ടു. കണ്ടക്‌ടറായ സുനിൽ ഇതിന് മുമ്പും സ്വർണം കടത്തിയിട്ടുണ്ട്.ഗുണ്ടകളും അഭിഭാഷകരും ഉൾപ്പെട്ടതാണ് കള്ളക്കടത്ത് സംഘം എന്ന് ഉദ്യോഗസ്ഥർക്ക് വ്യക്തമായി.ഈ സംഘം തലസ്ഥാനത്ത് സജീവമാണെന്ന് ഡിആർഐ വ്യക്തമാക്കി.
ഒമാനിൽ നിന്ന് 25 കിലോ സ്വർണവുമായെത്തിയ തിരുവനന്തപുരം തിരുമല വിശ്വപ്രകാശം സ്‌കൂളിന് സമീപം സുനിൽകുമാർ (45), സുഹൃത്ത് കഴക്കൂട്ടം സ്വദേശിനി സെറീന (42) എന്നിവരെയാണ് ഡിആർഐ പിടിക്കൂടിയത്.സംസ്ഥാനത്തെ ഡി.ആർ.ഐയുടെ ഏറ്റവും വലിയ സ്വർണ വേട്ടയാണിത്.
ഇന്നലെ രാവിലെ 7.45നെത്തിയ ഒമാൻ എയർവേയ്‌സിലാണ് ഇരുവരുമെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഹാളിൽവച്ച് ഇവരെ ഡി.ആർ.ഐ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഒരു കിലോ തൂക്കമുള്ള സ്വർണ ബാറുകൾ കറുത്ത കടലാസിൽ പൊതിഞ്ഞ് ഹാൻഡ് ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് സുനിൽകുമാറും സെറീനയും ദുബായിലേക്ക് പോയത്. അവിടെ നിന്നാണ് സ്വർണം ലഭിച്ചത്. തുടർന്ന് ഒമാനിലേക്ക് പോയ ശേഷമാണ് ഇവർ തിരുവനന്തപുരത്തെത്തിയത്.
Post Your Comments