നാദാപുരം: കത്തുന്ന വേനല്‍ച്ചൂടില്‍ വറ്റിവരണ്ട് വിലങ്ങാട് ചെറുകിട ജലവൈദ്യുത പദ്ധതി. ഇവിടെനിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം നിലച്ചിട്ട് നാലുമാസം പിന്നിട്ടു. കടുത്ത വേനലില്‍ വെള്ളം കിട്ടാതായതോടെ ജനുവരി ആദ്യവാരം വൈദ്യുത ഉല്‍പ്പാദനം നിര്‍ത്തിവച്ചിരുന്നു.
കഴിഞ്ഞ മഴക്കാലത്ത് മലവെള്ളപ്പാച്ചിലില്‍ പാനോത്തെയും വാളൂക്കിലെയും തടയണകള്‍ മണ്ണും പാറക്കൂട്ടങ്ങളും ഒലിച്ചിറങ്ങി നിറഞ്ഞ് മാലിന്യങ്ങള്‍ കനാല്‍ വഴി ഫോര്ബെയിലെത്തി വൈദ്യുതി ഉല്‍പ്പാദനം പലപ്പോഴായി നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു.
ഇതോടൊപ്പം മോട്ടോര്‍ തകരാറിനെ തുടര്‍ന്ന് ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകുകയുംചെയ്തു. കഴിഞ്ഞവര്‍ഷം ഇവിടെനിന്ന് 15 മില്യന്‍ യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചത്. എന്നാല്‍ ഇത്തവണ 9 മില്ല്യന്‍ യൂണിറ്റിനടുത്ത് മാത്രമാണ് വൈദ്യുതി ഉല്‍പ്പാദനം. 2.5 മെഗാ വാട്ട് ശേഷിയുള്ള 3 ജനറേറ്ററുകളാണ് വിലങ്ങാട് പദ്ധതിയിലുള്ളത്. മണിക്കൂറില്‍ 7500 യൂണിറ്റ് വൈദ്യുതിയാണ് ഒരു ജനറേറ്ററില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്നത്.
ഇവിടെനിന്ന് വൈദ്യുതി ഭൂഗര്‍ഭ കേബിളുകള്‍ വഴി നാദാപുരം ചീയ്യൂരിലെ സബ് സ്റ്റേഷനില്‍ എത്തിച്ച് പൊതുഗ്രിഡിലേക്ക് കടത്തിവിട്ടാണ് വിതരണം നടത്തുന്നത്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ കനാല്‍, ഫോര്‍ബെ, തടയണ എന്നിവിടങ്ങളിലെ ശുചീകരണം പൂര്‍ത്തിയായിട്ടുണ്ട്. പലയിടങ്ങളിലും വേനല്‍മഴ ലഭിച്ചെങ്കിലും വിലങ്ങാട് മലയോരത്ത് ലഭിക്കാത്തതിനാല്‍ വര്‍ഷകാലത്ത് മാത്രമേ ഉല്‍പ്പാദനം തുടങ്ങാന്‍ കഴിയൂ.
Post Your Comments