ശ്രീനഗർ : പാകിസ്ഥാൻ എതിർപ്പ് മറികടന്ന് കിഷൻഗംഗ ജല വൈദ്യുത പദ്ധതി പൂർത്തിയാക്കി ഇന്ത്യ. കിഷൻ ഗംഗ നദിയിലാണ് പദ്ധതി നടപ്പാക്കിയത്. നദിയിലെ ജലം ഝലം നദിയിലെ ഊർജ്ജ പ്ളാന്റിലേക്ക് തിരിച്ചു വിടാനായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. 2007 ൽ തുടങ്ങിയ പദ്ധതിക്കെതിരെ പാകിസ്ഥാൻ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു.
എന്നാൽ വിധി ഇന്ത്യക്ക് അനുകൂലമായിരുന്നു. വർഷങ്ങളായി പാകിസ്ഥാൻ തടസപ്പെടുത്താൻ നോക്കിയ പദ്ധതിയാണ് ഇന്ത്യ നിശ്ചയദാർഢ്യത്തിൽ പൂർത്തിയായത്. പദ്ധതി മെയ് ആദ്യവാരം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിക്കും. നദിയിലെ ജലം 23.25 കിലോമീറ്റർ നീളമുള്ള തുരങ്കം വഴി ഭൂഗർഭ ഊർജ്ജ പ്ളാന്റിലേക്ക് തിരിച്ചുവിട്ടാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പാക് അധീന കശ്മീരിലേക്ക് നദി ഗതിമാറുന്നതിനു തൊട്ടു മുൻപാണ് ജലം തിരിച്ചു വിടുന്നത്.
വർഷത്തിൽ 1713 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇതിനു കഴിയും. ഇതിന്റെ പന്ത്രണ്ട് ശതമാനം വൈദ്യുതിയും ജമ്മു കശ്മീരിനു ലഭിക്കും. വ്യാവസായികം എന്നതിലുപരി നയതന്ത്രപരമാണ് പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കുന്നു. പാകിസ്ഥാൻ ഉയർത്തിയ തടസ്സങ്ങൾക്ക് മുന്നിൽ പതറാതെ പോരാടിയാണ് ഓരോ തൊഴിലാളിയും പദ്ധതി പൂർത്തിയാക്കാൻ പ്രയത്നിച്ചത്. അതുകൊണ്ട് തന്നെ ഇന്ത്യൻ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ് കിഷൻഗംഗ പദ്ധതി. 2016 ൽ പദ്ധതി പ്രദേശത്തേക്ക് കനത്ത ഷെല്ലിംഗാണ് പാകിസ്ഥാൻ നടത്തിയത്. എന്നാൽ ശക്തമായ തിരിച്ചടി നൽകിയാണ് ഇന്ത്യ പദ്ധതി മുന്നോട്ടു കൊണ്ടുപോയത്.
Post Your Comments