കൊച്ചി: തിരുവനന്തപുരത്ത് മസ്തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി രാജേന്ദ്രന്‍പിള്ളയുടെ കരള്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ രോഗിയില്‍ മാറ്റിവെച്ചു. ശനിയാഴ്ച രാവിലെയാണ് രാജേന്ദ്രന്‍പിള്ളയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറായതോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന എറണാകുളം സ്വദേശിയായ 47 കാരന് കരള്‍ നല്‍കാന്‍ തീരുമാനമായത്.
ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. മാത്യു ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തിയാണ് രാജേന്ദ്രന്‍പിള്ളയുടെ കരള്‍ കൊച്ചിയില്‍ എത്തിച്ചത്. രാവിലെ 7 മണിയുടെ എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിച്ച കരള്‍ ഉടന്‍ തന്നെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ച് രോഗിയില്‍ മാറ്റിവെയ്ക്കുകയായിരുന്നു. 8 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കരള്‍ മാറ്റിവെച്ചത്. ഡോ. മാത്യു ജേക്കബിനെ കൂടാതെ കരള്‍ മാറ്റിവെയ്ക്കലില്‍ പരിശീലനം സിദ്ധിച്ച ഹെപാറ്റോ പാന്‍ക്രിയാറ്റോ ബൈലിയേരി സര്‍ജന്‍ ഡോ. റോമ്മല്‍ എസ്, അനസ്‌തേഷ്യോളജി വിഭാഗം സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. സംഗീത് പി.എസ് എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി.
ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ നില തൃപ്തികരമാണെന്നും തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നും ഡോ. മാത്യു ജേക്കബ് പറഞ്ഞു. കരള്‍ എത്തിക്കുന്നതിന് വിമാനത്താവള അധികൃതരില്‍ നിന്നും സിഐഎസ്എഫ്, എയര്‍ ഇന്ത്യ ജീവനക്കാര്‍ എന്നിവരില്‍ നിന്നും നല്ല സഹകരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരള്‍ അടങ്ങിയ പെട്ടി പാസഞ്ചര്‍ കാബിനില്‍ വെയ്ക്കാന്‍ പൈലറ്റ് അനുവദിച്ചെന്നും ഡോ. മാത്യു പറഞ്ഞു.
Post Your Comments