കോട്ടയം•കോട്ടയത്തെ എൻ സി പി ജില്ലാ കമ്മിറ്റി യോഗത്തിനിടയിൽ തമ്മിൽ തല്ലും കയ്യാങ്കളിയും. . എ കെ ശശീന്ദ്രൻ – തോമസ് ചാണ്ടി വിഭാഗം നേതാക്കളാണ് പരസ്പരം കൊമ്പ് കോർത്തത്. ജില്ലാ പ്രസിഡന്റായിരുന്ന ടി വി ബേബിയെ തൽസ്ഥാനത്തു നിന്നും മാറ്റിയതിനെതിരെ ശശീന്ദ്രൻ പക്ഷക്കാർ കൊണ്ട് വന്ന പ്രമേയമാണ് ഒടുവിൽ കയ്യാങ്കളിയിൽ വരെ എത്തിയത്. പാലാ സീറ്റ് മാണി സി കാപ്പന് നൽകുന്നതിനെതിരെ ടി വി ബേബി രംഗത്ത് വന്നിരുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹത്തെ നേതൃ സ്ഥാനത്ത് നിന്നും മാറ്റിയതെന്ന് ശശീന്ദ്രൻ വിഭാഗം ആരോപിച്ചു.
നേരത്തെ ജില്ലയിൽ നിന്നുള്ള ഒരു വിഭാഗം നേതാക്കളെ മതിയായ കാരണമില്ലാതെ പുറത്താക്കിയിരുന്നു. ഇതും പ്രശ്നങ്ങൾക്ക് കാരണമായി. ജില്ലാ അധ്യക്ഷന്റെ അഭാവത്തിൽ താൽക്കാലികമായി അധ്യക്ഷന്റെ ചുമതല വഹിക്കുന്ന ആൾക്ക് അംഗങ്ങളെ പരിചയപ്പെടാൻ വേണ്ടി വിളിച്ച യോഗമായിരുന്നു ഇന്നത്തേതെന്നാണ് തോമസ് ചാണ്ടി വിഭാഗം അഭിപ്രായപ്പെടുന്നത്. തർക്കങ്ങളെ തുടർന്ന് യോഗം തീരുമാനമാകാതെ പിരിഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പിന്റെ ചൊല്ലി വലിയ അണിയറനീക്കങ്ങൾ എൻ സി പിക്കുള്ളിൽ നടക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ.
Post Your Comments