
തൃശ്ശൂര്‍: പൂരപ്രേമികളെ ആവേശത്തിലാക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇറക്കി തൃശൂര്‍ പൂരം വിളംബര ചടങ്ങ് നടന്നു. ആര്‍പ്പുവിളികളോടെയാണ് ജനക്കൂട്ടം രാമനെ സ്വീകരിച്ചത്.
ഒരു മണിക്കൂര്‍ നേരത്തേക്ക് ആനയെ എഴുന്നെള്ളിക്കാന്‍ മാത്രമാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നത്. കര്‍ശന ഉപാധികളോടെയായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കും നാഥ ക്ഷേത്രത്തിലെത്തി നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി തെക്കേ ഗോപുരനട തുറന്നിറങ്ങിയത്.
എന്നാല്‍, മുന്‍പ് ചെയ്തിരുന്നതുപോലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നെയ്തലക്കാവ് ദേവിയുടെ തിടമ്പേറ്റി നിലപാട് തറ വരെ എഴുന്നള്ളിക്കണമായിരുന്നുവെന്ന് തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ പറഞ്ഞു. ആചാരത്തില്‍ നിന്ന് വ്യത്യസ്ഥമായി മറ്റൊരു ആനയുടെ പുറത്തേക്ക് തിടമ്പ് മാറ്റിയതില്‍ ക്ഷേത്ര കമ്മിറ്റിക്ക് വലിയ അഭിപ്രായ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവിദാസന്‍ എന്ന ആനയെ എത്തിച്ചാണ് ഇത്തവണ തിടമ്പ് കൈമാറിയത്. തുടര്‍ന്ന് പടിഞ്ഞാറേ നടവഴി പുറത്തേക്കിറക്കിയ രമാചന്ദ്രനെ ലോറിയില്‍ കയറ്റി തെച്ചിക്കോട്ടുകാവിലേക്ക് കൊണ്ടുപോവുകയായിരുന്നു.
‘മന്ത്രിയും മോണിറ്ററിംഗ് കമ്മിറ്റിയും പറയുന്നത് മുന്‍ തീരുമാനപ്രകാരം ആണ് അങ്ങനെ ചെയതതെന്നാണ്. പക്ഷേ അത് എല്ലാവരെയും ബോധ്യപ്പെടുത്തി ചെയ്യണമായിരുന്നുവെന്നും ഈ തീരുമാനം അറിയില്ല എന്നാണ് അമ്പലക്കമ്മിറ്റിക്കാര്‍ പറയുന്നതെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.ആളുകളുടെ സുരക്ഷ കണക്കിലെടുത്താണ് ഇങ്ങനെ ചെയ്തതെങ്കില്‍ സുരക്ഷ ഉറപ്പാക്കാന്‍ വോളണ്ടിയര്‍മാരും പൊലീസും ഉണ്ടായിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. തിടമ്പുമായി ആള്‍ക്കൂട്ടത്തിനിടയിലൂടെ ഒരു പ്രശ്‌നവുമില്ലാതെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പോയതെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.
Post Your Comments