തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനു മുന്നോടിയായുള്ള പൂര വിളംബരം ഇന്ന്. പ്രതിഷേധങ്ങള്‍ ഒഴിഞ്ഞതോടെ പതിവുപോലെ ഏകഛത്രധിപതി തെച്ചിക്കോട്ടു രാമചന്ദ്രന്‍ തന്നെ ഇത്തവണയും നയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും. നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി വടക്കും നാഥന്റെ തക്കേഗോപുരനട തള്ളി തുറക്കുന്നതോടെ തൃശ്ശൂരിനെ ആവേശത്തിലാഴ്ത്തുന്ന പൂരത്തിന് തുടക്കമാകും.
നെയ്തലക്കാവില്‍ നിന്ന് തിടമ്പേറ്റി വടക്കുംനാഥനിലേക്കെത്തുന്ന പതിവിന് വ്യത്യസ്തമായി ലോറിയിലാണ് ആനയെ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് എത്തിക്കുക. ദേവീദാസനാണ് ഇത്തവണ നെയ്തലക്കാവില്‍ നിന്ന് തിടമ്പേറ്റി വടക്കുംനാഥനിലേക്കെത്തുന്നത്. പിന്നീട് തിടമ്പ് രാമചന്ദ്രന് കൈമാറും.
രാവിലെ പത്തരയോടെയാണ് രാമചന്ദ്രന്‍ തെക്കേഗോപുരനട തള്ളിത്തുറക്കുക. തുടര്‍ന്ന് ഒരുമണിക്കൂര്‍ തെച്ചിക്കോട്ടുകാവിനെ എഴുന്നള്ളിക്കാനുള്ള ഉത്തരവും ജില്ലാ കളക്ടര്‍ നല്‍കിയിട്ടുണ്ട്. ശനിയാഴ്ച വിദഗ്ധസംഘം രാമചന്ദ്രനെ ആരോഗ്യ ക്ഷമത പരിശോധിച്ചിരുന്നു. തുടര്‍ന്ന് ആന ആരോഗ്യവാനാണെന്ന റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറിയതോടെയാണ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയത്.
കര്‍ശനമായ പാധികളോടെയാണ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ കളക്ടര്‍ അനുമതി നല്‍കിയത്. ആനയുടെ പത്തുമീറ്റര്‍ അകലത്തില്‍ മാത്രമേ ആളുകള്‍ നില്‍ക്കാവൂ. തെക്കേഗോപുരനടയില്‍ ആളുകളെ ബാരിക്കേഡ് കെട്ടി അകലത്തില്‍ നിര്‍ത്തും. ആനയുടെ കൂടെ നാല് പാപ്പാന്മാര്‍ വേണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെക്കേഗോപുരനട തുറന്നുകഴിഞ്ഞാലുടന്‍ ആനയെ ലോറിയില്‍ കയറ്റിക്കൊണ്ടുപോകും.
Post Your Comments