തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് എഴുന്നള്ളിക്കാനുള്ള അനുമതി നല്‍കിയത് മൃഗസംരക്ഷണ ബോര്‍ഡ് അംഗം എം.എന്‍. ജയചന്ദ്രന്റെ വിയോജിപ്പോടെ. വെള്ളിയാഴ്ച ചേര്‍ന്ന് മോണിറ്ററിംഗ് സമിതിയുടെ യോഗത്തില്‍ മറ്റെല്ലാ അംഗങ്ങളും രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് അനുകൂലിച്ചപ്പോള്‍ ഇദ്ദേഹം മാത്രം വിയോജനക്കുറിപ്പ് മിനിറ്റ്സില്‍ എഴുതി വയ്ക്കുകയായിരുന്നു.
വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ 11 അംഗ സമിതിയിലെ 10 അംഗങ്ങള്‍ പങ്കെടുത്തിരുന്നു.ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ജില്ലാതല നിരീക്ഷണ സമിതിയാണ് ഉത്തരവാദി എന്ന് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധിയിലെ പരാമര്‍ശമാണ് ജയചന്ദ്രന്‍ ഉയര്‍ത്തിക്കാട്ടിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുമ്പോള്‍ എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം തനിക്കുണ്ടായിരിക്കില്ലെന്നാണ് അദ്ദേഹം വിയോജനക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.
തെച്ചിക്കോട്ടുക്കാവിന്റെ വിലക്ക് നീക്കുന്നത് സംബന്ധിച്ച് ഏപ്രില്‍ 25-ന് നടന്ന ചര്‍ച്ചയില്‍ ആനയുടമ, ആനത്തൊഴിലാളി, ഫെസ്റ്റിവെല്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗം എന്നിവര്‍ മാത്രമാണ് വിലക്കുനീക്കുന്നതിനെ പിന്തുണച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ജയചന്ദ്രന്‍ ഒഴികെയുള്ള എല്ലാവരും ആനയെ എഴുന്നള്ളിക്കുന്നതിനെ പിന്തുണയ്ക്കുകയായിരുന്നു.
Post Your Comments