കൊച്ചി: തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്‌നസ് നല്‍കിയ വെറ്റിനറി ഓഫീസറുടെ വിശ്വാസ്യതയില്‍ സംശയം ഉന്നയിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ആനയ്ക്ക് കാഴ്ച ഇല്ലെന്നാണ് മനസിലാക്കുന്നത്. ആനയുടെ ഉത്തരവാദിത്തം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഏറ്റെടുക്കണമെന്നും നടപടി ക്രമങ്ങള്‍ പാലിച്ചാണോ എഴുന്നള്ളിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
മൂന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ ആറ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്ന് വനം വകുപ്പ് മറുപടി നല്‍കിയെങ്കിലും ആനയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പരിശോധിച്ച ശേഷം നടപടി എടുക്കുമെന്നാണ് വനം വകുപ്പ് അറിയിച്ചിട്ടുള്ളത്. പൂരം നടത്തിപ്പിലെ പ്രതിസന്ധിയില്‍ ഹൈക്കോടതിയില്‍ ഇന്ന് സ്‌പെഷ്യല്‍ സിറ്റിംഗ് ആണ് നടന്നത്. മുഴുവന്‍ ആനകളുടെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എങ്ങനെ എഴുന്നള്ളിക്കാന്‍ സാധിക്കുമെന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം. മനുഷ്യ-മൃഗ സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട് കഴിഞ്ഞു. ഇനി കൂടുതല്‍ അപകടങ്ങള്‍ ആവര്‍ത്തിക്കരുത്. സുരക്ഷയാണ് വിശ്വാസത്തേക്കാള്‍ മുന്നില്‍ വരേണ്ടതെന്നും കോടതി വ്യക്തമാക്കി. ആനകള്‍ നില്‍ക്കുന്നയിടത്ത് ജനങ്ങള്‍ പാലിക്കേണ്ട ദൂരപരിധിയടക്കമുള്ള നിര്‍ദേശങ്ങള്‍ അപ്രായോഗികമെന്ന് പാറമേക്കാവ് ദേവസ്വം കോടതിയില്‍ വാദം ഉന്നയിച്ചു.
ആനകളില്‍ നില്‍ക്കുന്നയിടത്ത് നിന്ന് പാലിക്കേണ്ട ദൂരപരിധി ആറ് മീറ്ററാക്കി ഹൈക്കോടതി ചുരുക്കിയിട്ടുണ്ട്. എന്നാല്‍, ആനകള്‍ നില്‍ക്കുന്നയിടത്ത് നിന്ന് ആറ് മീറ്ററിനുള്ളില്‍ തീവെട്ടി പാടില്ലെന്ന് കോടതി കൃത്യമായി നിര്‍ദേശിച്ചു. കുത്തുവിളക്കിന് അനുമതി നല്‍കിയപ്പോള്‍ തീവെട്ടി ആചാരത്തിന്റെ ഭാഗമല്ലെന്ന് കോടതി പറഞ്ഞു. ആനയുടെ മുന്‍ഭാഗത്തുള്ള നിയന്ത്രണങ്ങള്‍ കുടമാറ്റം ഉള്‍പ്പടെയുള്ള കീഴ്‌വഴക്കങ്ങളെ ബാധിക്കില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
ആനയില്‍ നിന്ന് അകലം സൂക്ഷിച്ചാല്‍ കുടമാറ്റം നടത്താനാവില്ലെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിന്റെ വാദം. ആറ് മീറ്റര്‍ ദൂരപരിധി കുടമാറ്റം ഉള്‍പ്പെടെയുള്ള ആചാരങ്ങളെ ബാധിക്കില്ലെന്ന് ഹൈക്കോടതി ഇതോടെ വ്യക്തമാക്കി.
Post Your Comments