രോഹ്താസ്: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തെച്ചൊല്ലി കോണ്‍ഗ്രസും ബിജെപിയും ഏറ്റുമുട്ടുന്നതിനിടെ രാജ്യത്തിന്റെ വികസനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്
രാജീവ് ഗാന്ധിക്കെതിരെ മോദി രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച സാഹചര്യത്തിലാണ് മോദിയുടെ പ്രവര്‍ത്തിയെ പരോക്ഷമായി തള്ളിപ്പറഞ്ഞുകൊണ്ട് രാജ്യത്തിന്റെ വികസനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് രാജ്നാഥ് സിംഗ് വ്യക്തമാക്കിയത്. ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു പ്രധാനമന്ത്രിയെക്കുറിച്ചും താന്‍ മോശമായി സംസാരിക്കില്ലെന്നാണ് രാജ്നാഥ് സിംഗ് പറഞ്ഞത്. ‘രാഷ്ട്രീയപാര്‍ട്ടി ഏതായിരുന്നാലും ഒരു പ്രധാനമന്ത്രിയെക്കുറിച്ചും മോശം പരാമര്‍ശം ഞാന്‍ നടത്തില്ല. പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരൊന്നും വ്യക്തികളല്ല സ്ഥാപനങ്ങളാണ്. രാജ്യത്തിന്റെ വികസനത്തിന് ഏതെങ്കിലും പാര്‍ട്ടി ഒന്നും ചെയ്തിട്ടില്ലെന്ന് ഞാന്‍ പറയില്ല. എല്ലാ പാര്‍ട്ടികളും എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ട്, അവരുടെ പ്രവര്‍ത്തന രീതികള്‍ വ്യത്യസ്തമായിരിക്കും എന്നു മാത്രം’. രാജ്നാഥ് സിംഗ് പറഞ്ഞു. രാജീവ് ഗാന്ധി അഴിമതിക്കാരനായിരുന്നെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന ശ്രദ്ധേയമാകുന്നത്.
‘ചൗക്കീദാര്‍ ചോര്‍ ഹേ’ എന്ന് മോദിക്കെതിരെയുള്ള രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം വന്‍ വിവാദമായതിന് പിന്നാലെയായിരുന്നു
മോദിയുടെ നമ്പര്‍ വണ്‍ ഭ്രഷ്ടാചാരി (നമ്പര്‍ വണ്‍ അഴിമതിക്കാരന്‍) എന്ന പരാമര്‍ശമെത്തിയത്. ‘നിങ്ങളുടെ അച്ഛനെ കോണ്‍ഗ്രസ്സുകാര്‍ മിസ്റ്റര്‍ ക്ലീന്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ഒന്നാംതരം അഴിമതിക്കാരനായാണ് മരിച്ചത്,” എന്നായിരുന്നു മോദിയുടെ പരാമര്‍ശം. റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ തുടരെ തുടരെയുള്ള ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് മോദിയുടെ പ്രത്യാരോപണം. തിരഞ്ഞെടുപ്പ് റാലികളിലെല്ലാം രാഹുല്‍ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം പ്രയോഗിച്ചു. താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ആണെന്നും അതിനാല്‍ രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രിയും തിരിച്ചടിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിലെ അവസാന ഘട്ടത്തിലും മോദി രാജീവ് ഗാന്ധിയെ ഉയര്‍ത്തിക്കാട്ടി പ്രചരണം നടത്തിയിരുന്നു. 1987ലെ ബോഫോഴ്സ് കേസ് കാരണമാണ് 1989ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതെന്ന് മോദി ഓര്‍മിപ്പിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് കുടുംബവും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ആഘോഷത്തിനായി രാജീവ് ഗാന്ധി ഉപയോഗിച്ചുവെന്നും മോദി ആരോപിച്ചിരുന്നു.
Post Your Comments