KeralaLatest NewsElection NewsElection 2019

വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

കണ്ണൂര്‍ : മെയ് 23ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ലോക്സഭ മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വോട്ടിംഗ് മെഷീനും വിവിപാറ്റും കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ചും കൗണ്ടിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലാസില്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തിന് അപ്പലറ്റ് അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ പി എന്‍ പുരുഷോത്തമന്‍ നേതൃത്വം നല്‍കി. ജൂനിയര്‍ സൂപ്രണ്ട് പി പ്രേംരാജ് ക്ലാസുകള്‍ കൈകാര്യം ചെയ്തു.

ഓരോ അസംബ്ലി നിയോജക മണ്ഡലത്തിനും ഓരോ റൂം എന്ന നിലയിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. ഓരോ റൂമിലും 14 ടേബിളുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍ എന്നിവരുമുണ്ടാകും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക.

മെഷീനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായതിന് ശേഷം എല്ലാ അസംബ്ലി നിയോജക മണ്ഡലത്തിലെയും അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് മെഷീനുകളിലെ പ്രിന്റഡ് ബാലറ്റുകള്‍ പരിശോധിക്കും. നറുക്കെടുപ്പിലൂടെയാവും പ്രിന്റഡ് ബാലറ്റ് എണ്ണുന്ന വിവിപാറ്റുകള്‍ തെരഞ്ഞെടുക്കുക. ഇതിന് ശേഷമാവും അന്തിമ ഫലപ്രഖ്യാപനം. ആദ്യ റൗണ്ട് ഫലം ഒമ്പത് മണിയോടെ ലഭ്യമാകും. ഓരോ റൗണ്ട് വോട്ടുകള്‍ എണ്ണിത്തീരുമ്പോഴും ഫലം പ്രദര്‍ശിപ്പിക്കാന്‍ വീഡിയോ വാള്‍ സജ്ജീകരിക്കും.

വോട്ടെണ്ണല്‍ നടക്കുന്ന ചാല ചിന്മയ ഇന്‍സ്റ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ വോട്ടെണ്ണല്‍ ദിവസം രാവിലെ അഞ്ച് മണിക്ക് തന്നെ ഉദ്യോഗസ്ഥര്‍ ഹാജരാകേണ്ടതാണ്. കേന്ദ്ര- സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുടെ കര്‍ശന പരിശോധനയ്ക്ക് ശേഷമായിരിക്കും ഉദ്യോഗസ്ഥരെ കൗണ്ടിംഗ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുക. വോട്ടെണ്ണലില്‍ കൃത്രിമം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും ക്ലാസില്‍ നല്‍കി.

രണ്ട് ഘട്ടങ്ങളിലായാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ രണ്ട് ദിവസങ്ങളിലായി നാല് ടീമുകള്‍ക്ക് പരിശീലനം നല്‍കും. 100 പേര്‍ അടങ്ങുന്നതാണ് ഒരു ടീം. രണ്ടാം ഘട്ട പരിശീലനം മെയ് 21 ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button