Latest NewsKerala

യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് : ഈ 19 കിലോമീറ്റര്‍ ദൂരം അപകടങ്ങള്‍ പതുങ്ങിയിരിക്കുന്നു

ചങ്ങനാശേരി : യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്, ഈ 19 കിലോമീറ്റര്‍ ദൂരം അപകടങ്ങള്‍ പതുങ്ങിയിരിക്കുന്നു. എംസി റോഡില്‍ ചങ്ങനാശേരി മുതല്‍ കോട്ടയം വരെയുള്ള 19 കിലോമീറ്റര്‍ ദൂരത്തെ യാത്രയില്‍ അപകടങ്ങള്‍ പതിവാകുന്നു. റോഡ് നന്നായപ്പോള്‍ അപകടങ്ങളും വര്‍ധിക്കുന്നത് യാത്രക്കാരെയും അധികാരികളെയും ഒരുപോലെ ഭീതിയിലാക്കുന്നു. ചങ്ങനാശേരിക്കും കോട്ടയത്തിനുമിടയില്‍ സ്ഥിരമായി അപകടങ്ങളുണ്ടാവുന്ന 8 ഭാഗങ്ങള്‍ ഇവയാണ്. പാലാത്രവീതിയേറിയ റോഡിന്റെ ഭാഗമായുള്ള ഇടുങ്ങിയ പാലവും റോഡരികില്‍ സംരക്ഷണ ഭിത്തിയില്ലാത്തതുമാണ് ഇവിടുത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. വേഗത്തിലെത്തുന്ന വാഹനങ്ങള്‍ ഇടുങ്ങിയ പാലത്തിലേക്കു പ്രവേശിക്കാന്‍ വാഹനങ്ങള്‍ വെട്ടിക്കുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കുന്നു. പാലാത്ര ബൈപാസ് ജംക്ഷനില്‍ പൊലീസിന്റെ സേവനം ഉണ്ടെങ്കിലും സിഗ്‌നല്‍ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ ഇവിടെയും അപകടങ്ങള്‍ ഉണ്ടാവുന്നുണ്ട്.

തുരുത്തി കാനാ

എംസി റോഡിലേക്ക് ധാരാളം ഇടവഴികളുള്ള സ്ഥലമാണിത്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറുവണ്ടികള്‍ അലക്ഷ്യമായി എംസി റോഡിലേക്ക് പ്രവേശിക്കുന്നത് മറ്റ് വാഹനങ്ങള്‍ക്ക് ദുരിതമാകുന്നു. ചെറുവണ്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ സമീപത്തെ മതിലുകളിലേക്ക് വാഹനം ഇടിച്ചു കയറ്റിയാണ് ഇവിടെ കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത്.

പുന്നമൂട

കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ ഈ ഭാഗത്തുണ്ടായ അപകടങ്ങളില്‍ 6 മനുഷ്യജീവനുകളാണ് ഇല്ലാതെയായത്. റോഡിന്റെ നവീകരണത്തിനു ശേഷമാണ് അപകടങ്ങള്‍ വര്‍ധിച്ചത്. റോഡിന്റെ വിവിധ ഭാഗങ്ങളിലായി കുത്തനെയുള്ള കയറ്റിറക്കങ്ങള്‍ അപകടം വിളിച്ച് വരുത്തുന്നു. കാവാലം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ എംസി റോഡിലൂടെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഉണ്ടാകുന്ന അപകടങ്ങളും ഇവിടെ കൂടുതലാണ്.

പുത്തന്‍പാലം

സെമിനാരിപ്പടി സ്റ്റോപ്പില്‍ നിന്നും പുത്തന്‍പാലത്തിലേക്കുള്ള കുത്തനെയുള്ള ഇറക്കം യാത്രക്കാരുടെ പേടിസ്വപ്നമാണ്. ഇറക്കത്തില്‍ നിയന്ത്രണം വിട്ടു വരുന്ന വാഹനങ്ങള്‍ പുത്തന്‍ തോട്ടിലേക്കു മറിയാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. കഴിഞ്ഞ ആഴ്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്കു പരുക്കേറ്റിരുന്നു. പുത്തന്‍ പാലത്തിനു സമീപം ബൈക്ക് അപകടത്തില്‍ മാസത്തില്‍ ശരാശരി 5 പേര്‍ക്ക് പരുക്കേല്‍ക്കുന്നതായും 3 മാസത്തിലൊരിക്കല്‍ ഒരാള്‍ക്ക് മരണം സംഭവിക്കുന്നതായും ലഭ്യമായ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നു.

മാവിളങ്ങ്

വീതിയുള്ള വളവിനോടു ചേര്‍ന്നുള്ള ഉപറോഡുകള്‍ മാവിളങ്ങ് ജംക്ഷനെ അപകട മേഖലയാക്കുന്നു. എംസി റോഡിലേക്ക് ബുക്കാന റോഡില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ക്കു പരസ്യ ബോര്‍ഡുകളും വീടുകളും കാഴ്ച മറയ്ക്കുന്നുണ്ട്. കോട്ടയം ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ക്ക് ഇടതു വശത്തുള്ള റോഡ് കാണാനാവില്ല.

പള്ളം പോസ്റ്റ് ഓഫിസ്

എംസി റോഡ് വികസനത്തിനു ശേഷവും പോസ്റ്റ് ഓഫിസ് മതില്‍ പൊളിച്ചു മാറ്റാന്‍ സാധിക്കാത്തതിനാല്‍ റോഡിന്റെ വീതി കൂട്ടാന്‍ കഴിഞ്ഞിട്ടില്ല. മറ്റു ഭാഗങ്ങളിലേതിനു സമാനമായി റോഡിനു വീതിയുണ്ട് എന്ന ധാരണയില്‍ എത്തുന്ന വാഹനങ്ങള്‍ പോസ്റ്റ് ഓഫിസ് മതിലില്‍ ഇടിച്ചു കയറുന്നത് നിത്യ സംഭവമാണ്.

മണിപ്പുഴ

കോട്ടയം ഭാഗത്തേക്കു വരുന്ന സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ ഇരു സിഗ്‌നല്‍ ലൈറ്റുകള്‍ക്ക് ഇടയിലുള്ള ഭാഗത്തു നിര്‍ത്തി ആളുകളെ കയറ്റി ഇറക്കുന്നത് ഇവിടുത്തെ പതിവു കാഴ്ചയാണ്. സിഗ്‌നല്‍ പോയിന്റില്‍ വാഹനങ്ങള്‍ പോകാനുള്ള സമയപരിധി അവസാനിച്ചാലും ചുരുങ്ങിയ സമയത്തിനുള്ളില്‍ വാഹനങ്ങള്‍ മുന്നോട്ടു പോകാന്‍ ശ്രമിക്കുമ്പോഴും കൂട്ടിയിടി ഉണ്ടാവുന്നു. വരി തെറ്റിച്ച് വാഹനങ്ങള്‍ ഓടിക്കുന്നതും അപകടങ്ങള്‍ക്കു കാരണമാവുന്നു.

കോടിമത

നാലുവരിപ്പാതയിലെ അമിത വേഗവും കോടിമത പാലത്തില്‍ അപകടകരമായ രീതിയില്‍ മറ്റു വാഹനങ്ങളെ മറികടക്കാനുള്ള പ്രവണതയുമാണ് കോടിമതയിലെ പ്രശ്‌നങ്ങള്‍. കോടിമതയില്‍ നിന്നും മാര്‍ക്കറ്റിലേക്കുള്ള റോഡിലേക്കു കടക്കാന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ പ്രധാന റോഡിലൂടെ അമിത വേഗത്തില്‍ എത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നതും നിത്യ സംഭവങ്ങളാണ്. റോഡിലെ മറ്റു പ്രശ്‌നങ്ങള്‍ മുളങ്കുഴ, സിമന്റ് കവല,പുത്തന്‍പാലം, പാലാത്ര തുടങ്ങിയ ഭാഗങ്ങളില്‍ അനധികൃത കച്ചവടങ്ങളും ബജി, പാന്‍ മസാല വില്‍പന കേന്ദ്രങ്ങളും യാത്രക്കാര്‍ക്കു ഭീഷണിയാണ്.

മണിപ്പുഴ, ചിങ്ങവനം, ഔട്ട്‌പോസ്റ്റ് എന്നിവിടങ്ങളില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളതിനോടു ചേര്‍ന്നാണ് ബസ് സ്റ്റോപ്പുകള്‍ ഉള്ളത്.

കെഎസ്ടിപി റോഡ് വികസനത്തിന്റെ ഭാഗമായി പാതയോരങ്ങളില്‍ സ്ഥാപിച്ച സോളര്‍ വഴിവിളക്കുകളില്‍ പലതും തെളിയുന്നില്ല. ഇതും യാത്രക്കാര്‍ക്ക് ദുരിതമാകുന്നുണ്ട്.

യാത്രക്കാരുടെ സൗകര്യാര്‍ഥം സ്ഥാപിച്ച ബസ് ബേയില്‍ ബസുകള്‍ നിര്‍ത്താറില്ലെന്നും പരാതികളുണ്ട്. ബസ് ബേയുടെ ആവശ്യത്തിനായി എടുത്ത സ്ഥലം പലയിടങ്ങളിലും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനാണ് ഉപയോഗിക്കുന്നത്. മറിയപ്പള്ളി ഭാഗത്ത് രാത്രിയില്‍ തട്ടുകടകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇടമായാണ് ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ഉപയോഗിക്കുന്നത്.

ന്മപുത്തന്‍പാലം- സെമിനാരിപ്പടി, തുരുത്തി കാനാ – പുന്നമൂട് ഭാഗങ്ങളില്‍ റോഡ് ടാര്‍ ചെയ്തിരിക്കുന്നത് അശാസ്ത്രീയമാണെന്ന് ആക്ഷേപമുണ്ട്. വളവുകളില്‍ ചെരിവ് നല്‍കിയിരിക്കുന്നത് മാനദണ്ഡങ്ങള്‍ ശ്രദ്ധിക്കാതെയാണെന്നും അപകടമുണ്ടാവാന്‍ ഇതു കാരണമാവുന്നതായും പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button