2014ലെ വിജയം ആവര്‍ത്തിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്ന സുപ്രധാനമായ അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം. തിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും എന്ത് വില കൊടുത്തും ഭരണം തുടരുമെന്നുമുള്ള മുന്നറിയിപ്പ് പ്രതിപക്ഷ കക്ഷികള്‍ക്ക് നല്‍കാനുമാണ് ഈ പ്രസ്താവനയിലൂടെ ബിജെപിയുടെ ശ്രമം.
”നിരവധി സംസ്ഥാനങ്ങളില്‍ ബിജെപി സഖ്യകകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലഘട്ടത്തില്‍ ഏറ്റവും മികച്ച കൂട്ടുകക്ഷി ഭരണമാണ് രാജ്യം സാക്ഷ്യം വഹിച്ചത്.” ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് മോദിയുടെ ട്വീറ്റ്.
പ്രതിപക്ഷ സഖ്യത്തിന് നേരെയും ട്വീറ്റില്‍ പ്രധാനമന്ത്രി വിമര്‍ശനമുന്നയിച്ചു. പ്രത്യേകിച്ച് ഉത്തര്‍ പ്രദേശിലെ മഹാസഖ്യത്തിനെതിരെ. തിരഞ്ഞെടുപ്പിലെ നേട്ടത്തിന് വേണ്ടി മാത്രമാണ് ഇത്തരത്തിലൊരു സഖ്യമെന്ന് മോദി ആരോപിച്ചു.
കേന്ദ്രത്തിലൊരു കൂട്ടുകക്ഷി ഭരണത്തെ കുറിച്ചുള്ള സൂചന ഇതാദ്യമായല്ല പ്രധാനമന്ത്രി നല്‍കുന്നത്. ജനുവരിയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പാര്‍ട്ടിക്ക് പഴയ സൗഹൃദങ്ങള്‍ ഏറെ വിലപ്പെട്ടതാണെന്നും എല്ലാ പാര്‍ട്ടികള്‍ക്കുമായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും പറഞ്ഞിരുന്നു.
വാജ്‌പേയിയുടെ നേതൃത്വത്തിലെ കൂട്ടുകക്ഷി ഭരണത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. രാജ്യത്തിന്റെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments