ശരീരത്തില്‍ കാണുന്ന ചുവന്ന പാടുകള്‍, കുമിളകള്‍ എന്നിവ കണ്ടാല്‍ നിസാരമെന്നു കരുതി അവഗണിക്കരുത്. പ്രത്യേകിച്ചും ഈ വേനല്‍ക്കാലത്ത്. ശരീരത്തില്‍ ഉണ്ടാകുന്ന കുമിളയും ചുവന്ന പാടുമൊക്കെ ചൂട് കൂടിയതിനാലാണെന്ന് തെറ്റദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ അങ്ങനെയല്ല. ചിലപ്പോള്‍ ഇത്തരത്തില്‍ ശരീരത്തില്‍ കാണുന്ന പാടുകള്‍ സ്റ്റീവന്‍സ് ജോണ്‍സന്‍ സിന്‍ഡ്രോം ആകാം. ഒരു അപൂര്‍വ ത്വക്ക് രോഗമാണ് സ്റ്റീവന്‍സ് ജോണ്‍സന്‍ സിന്‍ഡ്രോം. ഇത് തൊലിയേയും കണ്ണ്, മൂക്ക്, വായ, ശ്വാസനാളം, അന്നനാളം, ജനനേന്ദ്രിയം എന്നീ ഭാഗങ്ങളില്‍ കാണുന്ന നനവുള്ളതും മൃദുവായതുമായ ആവരണത്തെയും ബാധിക്കാം.
ചില മരുന്നുകളോടോ മറ്റു രാസവസ്തുക്കളോടോ ഉള്ള അലര്‍ജി മൂലമോ, അപൂര്‍വമായി ചില രോഗാണുബാധകള്‍ മൂലമോ ആണ് സ്റ്റീവന്‍സ് ജോണ്‍സണ്‍ സിന്‍ട്രോം ബാധിക്കുന്നത്. അമേരിക്കയിലെ ശിശുരോഗ വിദഗ്ധരായിരുന്ന ഡോ. ആല്‍ബര്‍ട്ട് മേസണ്‍ സ്റ്റീവന്‍സ്, ഡോ. ഫ്രാങ്ക് കാംബ്ലിസ് ജോണ്‍സണ്‍ എന്നിവര്‍ 1922 ല്‍ ഏഴും എട്ടും വയസ്സുള്ള രണ്ട് ആണ്‍ കുട്ടികളിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്.
പനി, ശരീരവേദന, ചുമ, ക്ഷീണം, കണ്ണുകളിലെ പുകച്ചില്‍ എന്നിവയാണ് ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ചുവന്ന നിറത്തില്‍, ദേഹമാസകലം പടരുന്ന പാടുകള്‍ പ്രത്യക്ഷപ്പെടുന്നു. അത് ക്രമേണ തൊലിപ്പുറത്തും മൂക്കിലും വായ്ക്കുള്ളിലും കണ്ണുകളിലും ജനനേന്ദ്രിയങ്ങളിലും മലദ്വാരത്തിലും പ്രത്യക്ഷപ്പെടുന്ന കുമിളകളാകുന്നു. അവസാനം ഈ ഭാഗങ്ങളിലെയെല്ലാം തൊലിയുടെയും ശ്ലേഷ്മസ്തരത്തിന്റെയും പുറം പാളി അടര്‍ന്നു മാറി, അസഹനീയമായ വേദനയും ആഹാരം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കണ്ട് ആവശ്യമായ ചികിത്സ നടത്തണം.
Post Your Comments