തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, ഫീസ് കൂട്ടാനുള്ള സമ്മര്‍ദ്ദവുമായി മാനേജ്മെന്റുകള്‍ രംഗത്ത് വന്നു. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ കേരളീയരല്ലാത്ത വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നതോടെ ആ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് കൂട്ടമെന്ന ആവശ്യവുമായി മാനേജ്‌മെന്റുകള്‍ രംഗത്ത് എത്തി. ഫീസ് കൂട്ടണമെന്നും കേരളീയരല്ലാത്തവരുടെ ക്വാട്ട തീരുമാനിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തണമന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ആശങ്ക ഉണ്ടെങ്കിലും തിങ്കളാഴ്ച മുതല്‍ ഇതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ അപേക്ഷ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ഉത്തരവിട്ടത്. മാനേജ്‌മെന്റുകളുടെ അപേക്ഷയിലായിരുന്നു നടപടി. കേരളത്തില്‍ ഫീസ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായതിനാല്‍ മറ്റിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ ഒഴുക്കുണ്ടാകാന്‍ സാധ്യതയുണ്ട്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം കുറയുമോ എന്ന ആശങ്കക്കിടെയാണ് മാനേജ്‌മെനറുകളുടെ സമ്മര്‍ദ്ദനീക്കം.
എല്ലാ ക്വാട്ടയിലും അഞ്ച് ലക്ഷം ഏകീകൃതഫീസ് എന്ന സംസ്ഥാനത്തെ വ്യവസ്ഥ മാറ്റാന്‍ മാനേജ്‌മെന്റുകള്‍ ഏറെ നാളായി ശ്രമിക്കുന്നുണ്ട്. ഉത്തരവ് മറയാക്കി സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമം. ഇതരസംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയത്. ഏത് ക്വാട്ടയില്‍ എങ്ങിനെ പ്രവേശനം എന്നതില്‍ ഇതുവരെയും വ്യക്തതയില്ല. സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ച് ഇക്കാര്യത്തില്‍ ധാരണ വരുത്താമെന്നാണ് മാനേജ്‌മെന്റ് നിര്‍ദ്ദേശം
Post Your Comments