Latest NewsKerala

കോടികളുടെ സ്വര്‍ണ കവര്‍ച്ച : പൊലീസിന് തുമ്പ് ലഭിച്ചു : നാല് പേര്‍ പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: ആലുവയില്‍ കോടികളുടെ സ്വര്‍ണ കവര്‍ച്ച ചെയ്ത കേസില്‍ പൊലീസിന് തുമ്പ് ലഭിച്ചു. കേസുമായി ബന്ധപ്പെട്ട നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, മോഷ്ടാക്കള്‍ കവര്‍ന്ന കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം നഗരത്തിലെ ഏഴ് ജ്വല്ലറികളുടേതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്തുവെങ്കിലും എന്നാല്‍ പരസ്പര വിരുദ്ധമായാണ് ഇവര്‍ മൊഴി നല്‍കുന്നതെന്നാണ് പോലീസ് വിശദീകരണം.

ആലുവ എടയാറിലെ സിആര്‍ജി മെറ്റലേഴ്സ് കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി നഗരത്തിലെ പ്രമുഖ ജ്വല്ലറികളില്‍ നിന്നടക്കമുള്ള 22 കിലോ സ്വര്‍ണം കാറില്‍ കൊണ്ടുവരുന്നുണ്ടെന്ന് രണ്ടംഗസംഘത്തിന് കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍. ഫാക്ടറിയിലേക്ക് കാര്‍ വരുന്ന വഴിയില്‍ രണ്ടുപേര്‍ ബൈക്കില്‍ കാത്തുനിന്നു. കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് സ്വര്‍ണം കൈക്കലാക്കിയശേഷം രണ്ടുപേരും ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

ഇരുവരും ആ സമയത്ത് മദ്യപിച്ചശേഷം വലിച്ചെറിഞ്ഞ ബിയര്‍ കുപ്പികള്‍ പോലീസ് പരിശോധനയില്‍ കണ്ടെടുത്തു. മദ്യകുപ്പിയിലെയും അക്രമികള്‍ തകര്‍ത്ത കാറിലെയും വിരലടയാളങ്ങള്‍ ഒന്നുതന്നെയാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ വാഹനത്തിലുളളവര്‍ കാര്യമായ ചെറുത്തുനില്‍പ് നടത്തിയതിന്റെ ലക്ഷണങ്ങളില്ല. തങ്ങള്‍ക്കു നേരെ കുരുമുളക് സ്പ്രേ തളിച്ചെന്നാണ് ഇവരുടെ മൊഴി.

അക്രമികള്‍ സ്വര്‍ണവുമായി ബൈക്കില്‍ അധികദൂരം പോയിട്ടില്ലെന്നും വഴിയില്‍വച്ച് സ്വര്‍ണം മറ്റാര്‍ക്കോ കൈമാറിയിരിക്കാമെന്നാണ് പൊലീസ് നിഗമനം. കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇവരുടെ മൊഴി പരസ്പര വിരുദ്ധമാണ്. അതേസമയം കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം സംസ്‌കരിച്ചെടുക്കുന്ന ഈ ശുദ്ധീകരണശാലയെകുറിച്ച് കാര്യമായ അറിവുണ്ടായിരുന്നില്ലെന്ന് പോലീസും സമ്മതിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ സ്രോതസ് അടക്കമുളള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button