ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മുഖത്തടിച്ചതില്‍ ആക്രമി സുരേഷ് ഖേദം പ്രകടിപ്പിച്ചു. എന്തിനാണ് താന്‍ കെജ്രിവാളിനെ മര്‍ദ്ദിച്ചതെന്ന് അറിയില്ലെന്നും അത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
‘എനിക്ക് ഒരു പാര്‍ട്ടിയുമായി ബന്ധമില്ല. ആരും പറഞ്ഞിട്ടല്ല അദ്ദേഹത്തെ മര്‍ദ്ദിച്ചത്. പൊലീസ് മോശമായി പെരുമാറിയിട്ടില്ല. നിങ്ങള്‍ ചെയ്തത് തെറ്റായിപ്പോയെന്ന് മാത്രമാണ് പൊലീസ് പറഞ്ഞത്’- സുരേഷ് പറഞ്ഞു. ഡല്‍ഹി മോത്തി ബാഗില്‍ റോഡ് ഷോയ്ക്കിടെയാണ് യുവാവ് ജീപ്പിലേക്ക് ചാടിക്കയറി കെജ്രിവാളിന്റെ മുഖത്ത് അടിച്ചത്. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്ഥാനാര്‍ത്ഥിക്കൊപ്പം തുറന്ന ജീപ്പില്‍ റോഡ് ഷോ നടത്തുമ്പോള്‍ യുവാവ് സുരക്ഷാസേനയെ മറികടന്ന് ജീപ്പിന് മുന്നില്‍ കയറുകയും കെജ്രിവാളിന്റെ മുഖത്ത് അടിക്കുകയും ആയിരുന്നു.
നോര്‍ത്ത് – ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ മനോജ് തിവാരി നല്ല നര്‍ത്തകനാണെന്നും, നര്‍ത്തകരെയല്ല, നല്ല രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യമെന്നും കെജ്രിവാള് പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയതെന്നായിരുന്നു സൂചന.
അതേസമയം ബിജെപി സ്പോണ്സര് ചെയ്ത അക്രമണമാണ് നടന്നതെന്ന ആരോപണവുമായി ആംആദ്മി രംഗത്തെത്തിയിരുന്നു.മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതില്‍ വീണ്ടും വീഴ്ച വരുത്തിയെന്നും പാര്‍ട്ടി ആരോപിച്ചു. ഇത്തരം നീക്കങ്ങളിലൂടെ പാര്‍ട്ടിയുടെ മുന്നേറ്റം തടയാനാവില്ലെന്നും എഎപി നേതൃത്വം ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments